വാഷിംഗ്ടണ്‍: ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവാവിന് ജയിലില്‍ പ്രേമലേഖനങ്ങളുടെ പ്രവാഹം. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ, 33 ക്കാരനായ ക്രിസ്റ്റഫര്‍ വാട്ട്‌സിനെ തേടിയാണ് പ്രേമലേഖനങ്ങള്‍ എത്തുന്നത്. അമേരിക്കയിലെ കൊളറാഡോയിലാണ് അവിശ്വസനീയമായ ഈ സംഭവം അരങ്ങേറിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ക്രിസ്റ്റഫര്‍ വാട്ട്സ് ഗര്‍ഭിണിയായ ഭാര്യയേയും നാലും മൂന്നും വയസ്സായ പെണ്‍മക്കളേയും കൊലപ്പെടുത്തിയത്. കാമുകിക്ക് വേണ്ടിയാണ് വാട്ട്സ് കൊല നടത്തിയതെന്നാണ് സൂചന. എന്നാല്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ കാറിലാക്കി ദൂരെ ഒരു എണ്ണക്കമ്പനിയുടെ വര്‍ക്ക് സൈറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.
അയല്‍വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിന് തുമ്പായത്. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച വാട്ട്സ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ജീവപര്യന്തങ്ങളാണ് കോടതി വാട്ട്സിന് ശിക്ഷയായി വിധിച്ചത്. ഇപ്പോള്‍ ജയിലിലെത്തി ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് വാട്ട്സിനെ തേടി പ്രേമലേഖനങ്ങളുടെ പ്രവാഹമെത്തുന്നത്. സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും കൊന്ന ഒരാളെ പ്രേമിക്കാന്‍ ഇത്രയും സ്ത്രീകള്‍ മുന്നോട്ടുവരുന്നതെന്ന ചോദ്യം തന്നെയാണ് ജയില്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്.
‘നിങ്ങളെ കുറിച്ച് തന്നെ ഒരുപാട് ചിന്തിക്കുകയാണ്. ജീവിതം വളരെ ചെറുതല്ലേ, അതുകൊണ്ട് ഞാനിത് പറയാനാഗ്രഹിക്കുന്നു..’- വാട്ട്സിന് വേണ്ടി 29കാരിയായ പെണ്‍കുട്ടി എഴുതിയ വരികളാണ്. കത്തിന്റെ കൂട്ടത്തില്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ നില്‍ക്കുന്ന തന്റെ ഒരു ഫോട്ടോയും പെണ്‍കുട്ടി അയച്ചിട്ടുണ്ട്.
‘ഞാന്‍ നിങ്ങളുടെ അഭിമുഖം കണ്ടിരുന്നു. അപ്പോള്‍ മുതല്‍ നിങ്ങളെ ഇഷ്ടമാണ്, അത് എന്തുകൊണ്ടെന്ന് മാത്രം ചോദിക്കരുത്. തിരിച്ച് നിങ്ങളെനിക്ക് ഒരു മറുപടി എഴുതിയാല്‍ ഞാനായിരിക്കും ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ…’- 39കാരിയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരു സ്ത്രീ എഴുതി.
‘ഒരു ചെറിയ പട്ടണത്തില്‍ വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് ഞാന്‍. ആദ്യമായാണ് ഞാനിങ്ങനെ ഒരു കത്തെഴുതുന്നത്. അതുകൊണ്ടുതന്നെ അല്‍പം പേടിയുണ്ട്’- 36കാരിയായ മറ്റൊരു പെണ്‍കുട്ടി എഴുതി.
ഇങ്ങനെ നിരവധി കത്തുകളാണ് ജയിലില്‍ കഴിയുന്ന വാട്ട്സിനെ തേിയെത്തിയിരിക്കുന്നത്. പ്രത്യേകതരം മാനസികാവസ്ഥയ്ക്ക് ഉടമകളായ സ്ത്രീകളാണ് ഈ കത്തുകള്‍ക്ക് പിന്നിലെന്ന് സൈക്യാട്രിസ്റ്റായ കാതറീന്‍ പിയര്‍ പറയുന്നു. അപകടകാരിയായ ആളുകളോട് അടുക്കാനുള്ള ഒരു ത്വരയാണ് ഇത്തരം വ്യക്തികളിലുള്ളതെന്ന് ഇവര്‍ പറയുന്നു. ചിലരാകട്ടെ പ്രശസ്തരായവരുടെ പിറകെ പോയി പ്രശസ്തരാകാന്‍ ശ്രമിക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post