ഡാലസ്: യുഎസിലെ ഡാലസിൽ അക്രമി നടത്തിയ വെടിവെയ്പിൽ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തുന്ന മലയാളിയായ സാജൻ മാത്യൂസ് (56, സജി) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച അക്രമി കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാത്രി വൈകീട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ൽ കുവൈറ്റിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.
ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്കിറ്റിൽ ഈയിടെയാണ് സാജൻ മലയാളി പാർട്ണർമാരായി ചേർന്ന് ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്. സജിയുടെ കൊലപാതകം യുഎസിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Discussion about this post