പാലക്കാട്: പ്രിയതമൻ അക്രമികളുടെ വെട്ടേറ്റ് പിടയുന്നതിന് സാക്ഷിയായതിനു പിന്നാലെ കാത്തിരിപ്പിന്റെ മണിക്കൂറുകളായിരുന്നു തിങ്കളാഴ്ച മുഴുവന്‍ അര്‍ഷികയ്ക്ക്. ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് തന്നെ ആയിരുന്നു ഈ പെൺകുട്ടിയുടെ പ്രതീക്ഷ. എന്നാൽ എല്ലാം പ്രതീക്ഷയും അസ്തമിച്ചതോടെ സഞ്ജിത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എലപ്പുള്ളിയിലെ വീട്ടിൽ അർഷിക. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ മാത്രം അർഷിക ഉണർന്നു…സമാധാനിപ്പിച്ചു.
ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് വൈകീട്ട് ആറേമുക്കാലോടെ സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തലയടിച്ച് ആർത്തുവിളിച്ചു നിലവിളിച്ചു കരഞ്ഞ അര്‍ഷികയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുമായില്ല.
മൃതശരീരം വീട്ടുമുറ്റത്തെ കട്ടിലില്‍ കിടത്തിയപ്പോൾ ഹരേ..രാമ പ്രാര്‍ഥനകളും ഭാരത് മാതാ കീ ജയ് വിളികളും ഉയർന്നു.
ഇതിനിടെ, അച്ഛന്‍ ആറുച്ചാമി എത്തി മകന് അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹവുമായി ആംബുലന്‍സ് വീട്ടുപടിക്കലെത്തിയതോടെ കരഞ്ഞു തളർന്ന അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു.
”അമ്മ വിളിക്കുവാടാ പൊന്നുമോനേ, ഞാനിപ്പോ ആശുപത്രിയില്‍ കൊണ്ടുപോകാമെടാ.. നെഞ്ചകം വിങ്ങി അമ്മ നിലവിളിച്ചു. മൃതദേഹംകണ്ട് നിലത്തുവീണുകരഞ്ഞ അമ്മയെ തിരികെ വീട്ടിനുള്ളിലാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ പാടുപെട്ടു.
ഏഴരയോടെ മൃതദേഹം ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കാര ചടങ്ങ് നടത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ഖജാന്‍ജി അഡ്വ. ഇ കൃഷ്ണദാസ്, സെക്രട്ടറി എ നാഗേഷ്, സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍, ജില്ലാ ജന. സെക്രട്ടറി പി വേണുഗോപാല്‍, ദേശീയസമിതി അംഗം എന്‍ ശിവരാജന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പികെ കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി ബാലചന്ദ്രന്‍, ജില്ലാ സെക്രട്ടറി വി രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Discussion about this post