ന്യൂഡൽഹി: മാപ്പ് പറയിക്കാനായി രണ്ടാം ക്ലാസുകാരനെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയാണ് അധ്യാപകന്റെ ക്രൂരത. മാപ്പ് പറഞ്ഞില്ലെങ്കിൽ താഴേക്ക് ഇടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ ജൂനിയർ സ്‌കൂൾ പ്രധാന അധ്യാപകൻ മനോജ് വിശ്വകർമയാണ് അറസ്റ്റിലായത്.
അധ്യാപകന്റെ ഉപദ്രവത്തിൽ ഭയന്ന് വിദ്യാർത്ഥി നിലവിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞതോടെയാണ് ഇയാൾ കുട്ടിയെ നിലത്തിറക്കിയത്. ദൃശ്യങ്ങൾ പുറത്തെത്തിയതോടെ സാമൂഹിക മാധ്യങ്ങളിൽ കടുത്ത വിമർശനമാണ് അധ്യാപകന് നേരെ ഉയർന്നത്.
ഇതിനിടെ കുട്ടിയുടെ അച്ഛൻ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. അധ്യാപകൻ വിദ്യാർഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛൻ രഞ്ജിത്ത് യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
കുട്ടി വികൃതി കാണിച്ചെന്നും തിരുത്താൻ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയതെന്നും അധ്യാപകൻ പറഞ്ഞു. അതേസമയം, പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post