പാരീസ് : ട്രൈസെറാടോപ്സ് വിഭാഗത്തില്‍ പെട്ട ഡൈനോസര്‍ ഭീമന് ‘ബിഗ് ജോണി’ന്റെ ഫോസില്‍ ലേലത്തില്‍ വിറ്റത് 57 കോടി രൂപക്ക്. പാരീസില്‍ വെച്ച് ഡ്രായറ്റ് കമ്പനി സംഘടിപ്പിച്ച ലേലത്തില്‍ പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി തുക നല്കി യുഎസിലെ സ്വകാര്യ വ്യക്തിയാണ് ഫോസില്‍ സ്വന്തമാക്കിയത്.
6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ യുഎസിലെ അലാസ്ക മുതല്‍ മെക്സിക്കോ വരെ നീണ്ടുകിടക്കുന്ന ലാറാമിഡിയ എന്ന ദ്വീപില്‍ വസിച്ചിരുന്നവയാണ് ട്രൈസെറാടോപ്സ്. ‘ബിഗ് ജോണ്‍’ ഇതുവരെ കണ്ടെത്തിയ മറ്റ് ട്രൈസെറാടോപ്സ് ഡൈനോസറുകളേക്കാളും പത്ത് ശതമാനത്തോളം വലുതാണ്. 2.62 മീറ്ററോളം നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള തലയോട്ടി, ഒരു മീറ്ററിലേറെ നീളമുള്ള രണ്ട് കൊമ്പുകള്‍ എന്നിവയാണ് ഇവയ്ക്കുള്ളത്.
2014ലാണ് ഇവയുടെ ഫോസിലിന്റെ ഭാഗങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് വരും വര്‍ഷങ്ങളില്‍ ബാക്കി ഭാഗങ്ങളും കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയ ഇരുന്നൂറിലേറെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പാരീസില്‍ ലേലത്തിന് വച്ചത്. ഇവയുടെ തലയോട്ടിയുടെ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന തകരാര്‍ മറ്റേതെങ്കിലും സമാന ശക്തിയുള്ള ജീവികളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാകാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. സൗത്ത് ഡക്കോട്ടയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ട്രൈസെറാടോപ്സ് ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടുകയായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
Discussion about this post