കൂട്ടിക്കൽ: കോട്ടയം കൂട്ടിക്കൽ കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിന ഒെന്നാകെ തുടച്ചുമാറ്റിയാണ് ഉരുൾപൊട്ടൽ സംഭവിച്ചത്. മാർട്ടിന്റെ കുടുംബത്തെ ഒന്നാകെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കിയ പേമാരിയുടെ ക്രൂരത ഇനിയും അയൽക്കാർക്ക് വിശ്വസിക്കാനാകുന്നില്ല. ഒറ്റലാങ്കൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുമാണ് മരണത്തിന് കീഴടങ്ങിയത്. മാർട്ടിൻ, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരുടെ കരുതലും കളിചിരികളും ഈ അയൽവക്കത്ത് നിന്നും പാടെ മാഞ്ഞുപോയത് വിശ്വസിക്കാൻ പ്രയാസമാണ്.
മാർട്ടിന്റെ കുടുംബത്തിന്റേതെന്ന് പറയാനായി അധികമൊന്നും ദുരിതം ബാക്കിവെച്ചിട്ടില്ല. ഇവർ വെച്ച രണ്ടേക്കർസ്ഥലത്ത് ഒടിഞ്ഞുകിടക്കുന്ന റബ്ബർ തൈകളും വീടിന്റെ ചെറിയ അവശിഷ്ടങ്ങളും മാത്രമാണ് ഓർമ നിലനിർത്താൻ ഇവിടെ ഇനിയുള്ളത്. മാർട്ടിൻ റോഡരികിൽ ചാരിവെച്ച ബൈക്കും ഇവരുടെ വളർത്തുനായയും മാത്രം ഈ കുടുംബത്തിന്റേതായി മണ്ണെടുക്കാതെ ബാക്കിയായി.
വർഷങ്ങളായി കേരളത്തിന്റെ പല ഭാഗത്തുമായി റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിചെയ്തു വരികയായിരുന്നു മാർട്ടിൻ. പിതാവിന്റെ മരണശേഷമാണ് സ്ഥിരമായി വീട്ടിൽ നിൽക്കാൻ തുടങ്ങിയത്. പാലക്കാട് റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ പരിചയപ്പെട്ട സിനിയെയാണ് വിവാഹം കഴിച്ചത്. മാർട്ടിൻ ഏകമകനായിരുന്നു. അതിനാൽ അധികം അടുത്ത ബന്ധുക്കളില്ല. സിനിക്ക് പാലക്കാട്ടും അത്ര അടുത്ത ബന്ധുകളില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇടയ്ക്ക്, മാർട്ടിൻ കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലും ജോലിചെയ്തിരുന്നു. മൂന്നുമാസം മുൻപ് അർബുദം സ്ഥിരീകരിച്ചതോടെ ഈ ജോലി നിർത്തി. അടുത്തിടെ അർബുദ ചികിത്സയ്ക്കായി പോയിവന്നപ്പോൾ മാർട്ടിന് കോവിഡും ബാധിച്ചിരുന്നു.
പിന്നീട് കുറച്ചുനാൾമുമ്പ് ആടുവളർത്തൽ തുടങ്ങി. ഒരേസമയം 40 ആടുകളെ വരെ വളർത്തിയിരുന്നു. അടുത്തിടെ ഇവയുടെ എണ്ണം 20 ആക്കി കുറച്ചു. സ്വന്തം ഭൂമിയിലെ റബ്ബർ വെട്ടാറായിട്ടില്ല. മൂന്ന് മക്കളെയും പഠിപ്പിച്ച് ഒരു നിലയിലാക്കാൻ ഭാവിയിൽ റബ്ബർ സഹായിക്കുമെന്നായിരുന്നു മാർട്ടിന്റെ പ്രതീക്ഷ. പക്ഷേ, എല്ലാ സ്വപ്നങ്ങളേയും മണ്ണിൽ കുഴിച്ചുമൂടിയാണ് ദുരിതപ്പെയ്ത്തായി മഴയെത്തിയത്.
Discussion about this post