ലണ്ടന്‍ : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റേതുള്‍പ്പടെ 35 ലോകനേതാക്കളുടെ രഹസ്യസമ്പത്ത് വിവരങ്ങളടങ്ങിയ പാന്‍ഡോറ രേഖകളുമായി മാധ്യമസംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും(ഐസിഐജെ) വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്.
വ്‌ളാഡിമിര്‍ പുടിന് മൊണാകോയില്‍ രഹസ്യസമ്പത്തുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട്(703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്.
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീട് വാങ്ങിയപ്പോള്‍ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി. കെട്ടിടത്തിന് പകരം കമ്പനി ഓഹരികള്‍ വാങ്ങി ഉടമസ്ഥാവകാശം സ്വന്തമാക്കിയത് വഴി ബ്ലെയര്‍ നാല് ലക്ഷം ഡോളറിലധികം ആസ്തി നികുതി ലാഭിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളി പുടിനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയും രംഗത്തെത്തിയിട്ടുണ്ട്. രഹസ്യ സമ്പാദ്യങ്ങളില്ലെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നുമാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്കാരായ 300 പേര്‍ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍, അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച വ്യവസായി അനില്‍ അംബാനി,ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫ്, രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി എന്നിവരുള്‍പ്പടെയുണ്ട്.