ന്യൂഡല്‍ഹി: ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരണമെന്ന് കാണിച്ച് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുല്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
അനാരോഗ്യം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിക്കായി കോടതിയില്‍ ഹാജരായ പ്രശാന്ത്ഭൂഷണ്‍ വാദിച്ചത്. കോവിഡ് സാഹചര്യവും മദനിയുടെ പിതാവ് കിടപ്പിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മദനിയുടെ വാദങ്ങള്‍ ഒന്നും തന്നെ കോടതി അംഗീകരിച്ചില്ല.
അതേസമയം, മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക ശക്തമായി വാദിച്ചു. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിവെച്ച് ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് മദനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.
Discussion about this post