പാരിസ് : അമേരിക്ക തലയ്ക്ക് അമ്പത് ലക്ഷം ഡോളര്‍ വിലയിട്ട ഐഎസ് നേതാവിനെ വധിച്ചുവെന്നവകാശപ്പെട്ട് ഫ്രാന്‍സ്. ഐഎസിന്റെ ആഫ്രിക്കയിലെ തലവന്‍ അദ്നാന് അബു വാലിദ് അല്‍ സഹ്റാവിയാണ് കൊല്ലപ്പെട്ടത്.
പശ്ചിമ ആഫ്രിക്കയിലെ മാലി, നൈജര്‍ മേഖലകള്‍ കേന്ദ്രമാക്കിയ ഐഎസ് ഇന്‍ ഗ്രേറ്റര്‍ സഹാറയുടെ തലവനാണ് സഹ്റാവി. 2017ല്‍ നൈജറില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് സഹ്റാവി ശ്രദ്ധേയനാകുന്നത്. ആക്രമണത്തില്‍ 4 യുഎസ് സൈനികരും അത്രതന്നെ നൈജര്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കന്‍ മേഖലയായ സാഹേലില്‍ ഫ്രഞ്ച് സൈന്യം ദീര്‍ഘനാളായി ഭീകരരുമായി പോരാട്ടത്തിലാണ്.
സാഹേല്‍ മേഖലയിലെ രാജ്യങ്ങളായ മാലിക്കിനും നൈജറിനുമിടയ്ക്കാണ് ഐഎസ് ഗ്രൂപ്പ് ഏറ്റവും ശക്തം. ഇവിടെ വെച്ചാണോ സഹ്റാവി കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ ഫ്രാന്‍സ് വ്യക്തത വരുത്തിയിട്ടില്ല. സാഹേലില്‍ ഫ്രഞ്ച് സൈന്യം നടത്തിയ സെര്‍വാല്‍, ബാര്‍ഖേന്‍ എന്നീ ദൗത്യങ്ങളില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് സൈനികരോട് നീതി പുലര്‍ത്തുന്നതാണ് പുതിയ സംഭവവികാസമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഫ്രഞ്ച് ഭീകരവിരുദ്ധ സേന സഹ്റാവിയെ വധിച്ചതെങ്കിലും കൊല്ലപ്പെട്ടത് ഇയാള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പ്രഖ്യാപനം വൈകിച്ചതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി പറഞ്ഞു.
Discussion about this post