ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു, തനിച്ചായി ഏകമകള്‍; ഒരാള്‍ക്കും ഇത്തരം അവസ്ഥ വരാതിരിക്കട്ടെയെന്ന് അഷ്‌റഫ് താമരശ്ശേരി, നെഞ്ചുതകരുന്ന കുറിപ്പ്

ഉറ്റവരല്ലെങ്കിലും ചിലരുടെ മരണം നമ്മെ വേദനിപ്പിക്കും. അത്തരത്തില്‍ മനസ്സിനെ വേദനിപ്പിച്ച മഹേഷ് എന്നയാളുടെ മരണത്തെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ജീവനും ജീവിതവും ഇത്രയൊക്കെയുള്ളൂവെന്നും എപ്പോള്‍ എങ്ങിനെ അവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത വല്ലാത്തൊരു സമസ്യയെന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടാഴ്ച്ച മുന്‍പ് ഒരു വ്യാഴാഴ്ച്ചയാണ് ആലപ്പുഴ താഴക്കര സ്വദേശിനി സുമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. കൃത്യം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഭര്‍ത്താവ് മഹേഷും അതേ കാരണത്താല്‍ വിടപറഞ്ഞു. പിതാവിനെ ഒരു നോക്കുകാണാനായി ഏകമകള്‍ യു.എ.ഇയില്‍ എത്തിയപ്പോഴേക്കും പിതാവ് മഹേഷ് ദൈവത്തിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി പറയുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രണ്ടാഴ്ച്ച മുന്‍പ് ഒരു വ്യാഴാഴ്ച്ചയാണ് ആലപ്പുഴ താഴക്കര സ്വദേശിനി സുമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. കൃത്യം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഭര്‍ത്താവ് മഹേഷും അതേ കാരണത്താല്‍ ഇന്നലെ വ്യാഴാഴ്ച്ച വിട പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് രണ്ട് പേരും ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നത്. സുമ മരണപ്പെടുമ്പോള്‍ ഭര്‍ത്താവ് മഹേഷ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നതിനാല്‍ തന്റെ സഹധര്‍മ്മിണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

യു.എ.ഇയില്‍ പഠിച്ചിരുന്ന ഏകമകള്‍ തുടര്‍ പഠനത്തിനായി രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു. ആശുപത്രിയിലുള്ള ഏക ആശ്രയമായ പിതാവിന്റെ സമീപത്തേക്ക് ബന്ധുക്കള്‍ മുന്‍കൈയെടുത്ത് നാട്ടിലുള്ള മകളെ കൊണ്ട് വരികയായിരുന്നു. നിര്‍ഭാഗ്യം അവിടെയും മകളെ കാത്തിരുന്നു. പിതാവിനെ ഒരു നോക്കുകാണാനായി മകള്‍ യു.എ.ഇയില്‍ ഇറങ്ങിയത് രാവിലെ നാലുമണിക്കുള്ള വിമാനത്തില്‍. ഏകദേശം മൂന്ന് മണിക്കൂര്‍ മുന്പ് പിതാവ് മഹേഷ് ദൈവത്തിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരുന്നു.

പിതാവിനെ ജീവനോടെ അവസാനമായി ഒരു നോക്കുകാണാന്‍ പ്രിയപ്പെട്ട മകള്‍ക്ക് കഴിഞ്ഞില്ല. ജീവനും ജീവിതവും ഇത്രയൊക്കെയുള്ളൂ. എപ്പോള്‍ എങ്ങിനെ അവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത വല്ലാത്തൊരു സമസ്യ. ആ മകളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വല്ലാത്ത വിങ്ങല്‍. കരയും കടലും നഷ്ടപ്പെട്ടമാകുന്നവരുടെ ദുഃഖം അനുഭവിച്ചറിഞ്ഞാലെ തിരിയൂ. ഒരാള്‍ക്കും ഇത്തരം അവസ്ഥ വരാതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കാം. പുലര്‍ച്ച വിടപറഞ്ഞ മഹേഷ് ചേട്ടന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ തന്നെ നാട്ടിലേക്കയച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന ബന്ധുക്കളോടൊപ്പം മൂകയായി മകളും നാട്ടിലേക്ക് യാത്രയായി.

Exit mobile version