കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ കോഴിക്കോട് പിടിയിലായി. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും പിടിയിലായത്. കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ഇയാള്‍ മുപ്പതിലധികം മാല മോഷണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മായനാട് കളരി ബസ് സ്റ്റോപ്പിന് സമീപം വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കോഴിക്കോട് നഗരത്തിലെ ചേവായൂര്‍, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും മുപ്പതിലധികം മാല മോഷണം നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ മനോജ്, സീനിയര്‍ സി.പി.ഒ എം ഷാലു എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പരമാവധി സിസിടിവി ദൃശ്യങ്ങളില്‍ പെടാതിരിക്കാന്‍ വലിയ വാഹനങ്ങളോട് പതുങ്ങി ചേര്‍ന്നായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടാതെ മോഷണത്തിന് വരുമ്പോള്‍ ബൈക്കിന്റെ ശരിയായ നമ്പര്‍ പ്ലേറ്റ് മാറ്റി മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത രീതിയിലുള്ള ചെറിയ അക്ഷരത്തിലുള്ള നമ്പര്‍ പ്ലേറ്റുകളുമാണ് പ്രതി ഉപയോഗിച്ചിരുന്നത്.
കുടുംബ പ്രാരാബ്ധവും വര്‍ദ്ധിച്ചു വന്ന കടവുമാണ് മാല പിടിച്ചുപറിയിലേക്ക് വരാന്‍ കാരണമായതെന്നും പ്രതി പോലീസിനോട് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഒറ്റക്ക് പോകുന്ന വഴികള്‍ മനസ്സിലാക്കി തക്കം നോക്കി ആക്രമിച്ച് മാല പൊട്ടിക്കുന്ന രീതിയാണ് ഇയാള്‍ക്ക്. ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല എന്നുള്ള അധിക ആത്മവിശ്വാസവും പ്രതിക്കുണ്ടായിരുന്നു.