ഗുവാഹത്തി : ആസാമുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അടക്കമുള്ളവയ്ക്ക് മിസോറാമില്‍ ക്ഷാമം നേരിടുന്നതായി പരാതി. അവശ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മിസോറാം ആരോഗ്യമന്ത്രി ഡോ.ആര് ലാല്‍താംഗ്ലിയാന പറഞ്ഞു.
മിസോറാമിലേക്കുള്ള യാത്രാനിരോധനം ആസാം പിന്‍വലിച്ചതിന് ശേഷവും അവശ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.കോവിഡ് രോഗികളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നത് ഉള്‍പ്പടെ നിരവധി മരുന്നുകളുടെ വിതരണത്തെ ഇത് മോശമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ജീവന് രക്ഷ മരുന്നുകള്‍ ലഭിക്കാത്തത് മരണസംഖ്യ വര്‍ധിപ്പിക്കുമെന്നും ഭരണഘടന അനുസരിച്ചുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നതെന്നും പറഞ്ഞു.
“കോവിഡ് കിറ്റുകളും മറ്റ് അവശ്യ വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. പിഎം കെയേഴ്സ് ഫണ്ട് പ്രകാരം അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ക്കുള്ള വസ്തുക്കളും എത്തിക്കാന്‍ സാധിച്ചിട്ടില്ല. ആസാമും മിസോറാമും തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഈ കാര്യത്തിന് പരിഹാരം കാണേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിസോറാമിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കണമെന്ന് ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയും അഭ്യര്‍ഥിച്ചിരുന്നു. “ജൂലൈ 26ലെ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ വിലപ്പെട്ട 6 ജീവന് നഷ്ടപ്പെട്ടു. എന്നിരുന്നാലും സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെ നാം മുന്നോട്ട് പോകണം. ഭരണഘടനാപരമായ അതിരുകള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെങ്കിലും മിസോറാമിലേക്ക് ചരക്ക് നീക്കം അനുവദിക്കാന്‍ ആളുകളോട് അഭ്യര്‍ഥിക്കും.” അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post