ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോള്‍ താരങ്ങള്‍ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്നു മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.
താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തതോടെ പെരുമാറമെന്നാവശ്യപ്പെട്ട ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യന്‍ വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോള്‍ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിര്‍മിച്ചതാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.
പ്രവേശന നികുതിയുടെ കാര്യത്തില്‍ അതാതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ എല്ലാവര്‍ക്കും നികുതി അടയ്ക്കാനുള്ള ബാദ്ധ്യതയുണ്ട്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും ഹൈക്കോടതിയെ ചൊടിപ്പിച്ചു. സത്യവാങ്മൂലത്തില്‍ ധനുഷിന്റെ ജോലി വിവരം ചേര്‍ക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് നാളെ കോടതിയില്‍ വിശദമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിനു വേണ്ടി നികുതിയിളവ് ആവശ്യപ്പെട്ടാണ് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതിയടയ്ക്കാന്‍ തയ്യാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Discussion about this post