ബെയ്ജിങ് : ഒരു വര്‍ഷത്തിന് ശേഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ വുഹാനിലെ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി അധികൃതര്‍. 1.10 കോടിയാണ് ഇവിടുത്തെ ആകെ ജനസംഖ്യ.
ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലമായിരുന്നു വുഹാന്‍. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ ഒരു വര്‍ഷത്തിലധികമായി പുതിയ കേസുകള്‍ ഒന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഈയടുത്ത് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
വുഹാനില്‍ താമസിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. നഗരത്തില്‍ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച ചൈനയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ചൈനയിലെ പ്രധാനനഗരങ്ങളിലെല്ലാം പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗിയുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയുമൊക്കെ വ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Discussion about this post