ഐസ്വാള്‍ : അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ആറ് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ മിസോറാം പോലീസ് കേസെടുത്തു. മിസോറാമില്‍ കോലാസിബ് ജില്ലയിലെ വൈരങ്‌തെ പോലീസ് സ്‌റ്റേഷനിലാണ് കൊലപാതക ശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തിരിക്കുന്നത്.
ആസാം പോലീസിലെ ഐജിപി അനുരാഗ് അഗര്‍വാള്‍, കച്ചര്‍ ഡിഐജി ദേവ്‌ജ്യോതി മുഖര്‍ജി, കച്ചര്‍ എസ്പി കാന്‍ദ്രകാന്ത് നിംബര്‍ക്കര്‍ ധോലയ്, പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് സാഹബ് ഉദ്ദിന്‍, കച്ചര്‍ ഡപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജല്ലി, കച്ചര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ സണ്ണിഡിയോ ചൗധരി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് മിസോറാം ഐജിപി(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ജോണ്‍ നെയ്ഹലായ വാര്‍ത്ത ഏജന്‍സിയായ പിടിഐയെ അറിയിച്ചു.ഇതുകൂടാതെ ആസാം പോലീസിലെ തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും കേസുണ്ട്. മുഖ്യമന്ത്രിയൊഴികെ ബാക്കിയുള്ളവരോട് ഞായറാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആസാമിലെ ജനങ്ങള്‍ക്ക് മിസോറാമിലേക്ക് പോകുന്നതിന് കഴിഞ്ഞ ദിവസം യാത്രവിലക്കേര്‍പ്പെടുത്തിയിരുന്നു. മിസോറാമില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനക്ക് ശേഷം മാത്രമാണ് ആസാമിലേക്ക് കടത്തി വിടുന്നത്.
ആസാമിനും മിസോറാമിനും ഇടയിലുള്ള 164 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയെച്ചൊല്ലി തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആസാമിലെ കച്ചര്‍, ഹൈലാകണ്ഡി, കരീംഗഞ്ച് തുടങ്ങിയ ജില്ലകളും മിസോറാമിലെ കോലാസിബ്, മാമിറ്റ്, ഐസ്വാളുമാണ് അതിര്‍ത്തി പങ്കിടുന്നത്. 1994മുതല്‍ അതിര്‍ത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സമാനാനച്ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.