കുട്ടികളെ കാറിനുള്ളില്‍ പുട്ടിയിട്ടാലുള്ള അപകടം നിസാരമല്ല!

കുഞ്ഞുങ്ങളെ വാഹനങ്ങളില്‍ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോള്‍ കാറിനുള്ളില്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്

ടെക്സസ്: കാറിനുള്ളില്‍ മക്കളെ പൂട്ടിയിട്ട് അമ്മ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയപ്പോള്‍ ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന് കുട്ടികള്‍ മരിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അമേരിക്കയിലെ ടെക്‌സസില്‍ നടന്ന സംഭവത്തില്‍ കോടതി അമ്മയ്ക്ക് 40 വര്‍ഷം തടവുശിക്ഷ വിധിച്ചു. അമാന്‍ഡ ഹോകിന്‍സ് എന്ന അമ്മയുടെ അനാസ്ഥയാണ് ഒന്നും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തിനു കാരണം. 2017 ജൂണ്‍ ഏഴിനാണ് സംഭവം. ബ്രയാന്‍ ഹോകിന്‍സ് (ഒന്ന്), അഡിസണ്‍ എഡ്ഡി (രണ്ട്) എന്നി കുട്ടികളെ കാറിനുള്ളില്‍ പൂട്ടിയിട്ട് 20കാരിയായ അമാന്‍ഡ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

ആഘോഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന കുട്ടികള്‍ അവശനിലയിലായിരുന്നു. എന്നാല്‍ തൊട്ടടുത്ത തടാകത്തിലെ പൂക്കളുടെ ഗന്ധം ശ്വസിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ അവശനിലയില്‍ ആയതെന്നായിരുന്നു അമ്മയുടെ വാദം. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. 15 മുതല്‍ 18 മണിക്കൂര്‍ വരെ കുട്ടികളെ കാറിനുള്ളില്‍ അടച്ചിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയത്ത് 90 ഡിഗ്രി ചൂടാണ് ഇവര്‍ അനുഭവിച്ചത്. കുട്ടികള്‍ കാറിനുള്ളില്‍ കിടന്ന് കരയുന്ന കണ്ടവര്‍ അമ്മയെ അറിയിച്ചുവെങ്കിലും കുഴപ്പമൊന്നുമില്ലെന്നും ഉറങ്ങാന്‍ വേണ്ടിയാണ് കരയുന്നതെന്നുമാണ് അമാന്‍ഡ പറഞ്ഞത്. രാത്രിയിലെ ആഘോഷത്തനിടെ കുട്ടികളുടെ കാര്യം പിറ്റേന്ന് ഉച്ചയോടെ ഉറക്കമുണര്‍ന്നപ്പോഴാണ് ഇവര്‍ ഓര്‍ത്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയും വിധിക്കുകയായിരുന്നു.

സൂക്ഷിക്കുക, കുട്ടികളെ ഒരിക്കലും വാഹനത്തില്‍ തനിച്ചിരുത്തരുത്

കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. രക്ഷിതാക്കള്‍ കാറിനുള്ളില്‍ ഇരുത്തിയിട്ട് പോകുന്ന കുട്ടികള്‍ ചൂടേറ്റ് മരിക്കുന്നത് അമേരിക്കയില്‍ അടുത്തകാലത്ത് വര്‍ധിച്ചുവരികയാണ്. ശരാശരി 38 കുട്ടികള്‍ ഓരോ വര്‍ഷവും ഇപ്രകാരം മരിക്കുന്നുണ്ടെന്നാണ് കണക്ക്.സംഭവത്തിന്റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയില്ലെന്നു തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

കുഞ്ഞുങ്ങളെ വാഹനങ്ങളില്‍ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോള്‍ കാറിനുള്ളില്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്‌ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോള്‍, അബദ്ധത്തില്‍ വാഹനം സ്റ്റാര്‍ട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.

Exit mobile version