വീണ്ടും സോഷ്യല്‍മീഡിയയില്‍ തരംഗമായി വനിതാശിശുവികസന വകുപ്പിന്റെ പുതിയ ക്യാമ്പയിന് ‘ ഇനി വേണ്ട വിട്ടുവീഴ്ച’. സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ സിനിമയിലും ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ പരസ്യം പങ്കുവെച്ചിരിക്കുന്നത്. പ്രമേയമാക്കിയത് മോഹന്‍ലാല്‍ ഹിറ്റ് ചിത്രം നരസിംഹത്തിലെ അവസാന രംഗത്തിലെ ഡയലോഗാണ്.
ചിത്രത്തിലെ ” കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം, പറ്റുമെങ്കില്‍ കയറിക്കോ” എന്ന ഡയലോഗിന് ” ഹാ ബെസ്റ്റ് അടിമയാകാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഡന് വണ്ടി വിട്ടോ” എന്ന മറുപടി കുറിച്ചാണ് പരസ്യം.
സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകള്‍ക്ക് പ്രസക്തിയുണ്ടെന്ന് പരസ്യം പങ്കുവെച്ച് വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ അവ പൊളിച്ചെഴുതി കമന്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.
Discussion about this post