ന്യൂഡൽഹി: രാജ്യത്തെ തന്നെ നടുക്കിയ പുൽവാമ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ കൂട്ടത്തിൽ നികിതയുടെ ഭർത്താവും ആർമിയിലെ മേജറുമായ വിഭൂതി ശങ്കർ ധൗണ്ഡ്യാലുമുണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ണീരോടെ അന്ത്യചുംബനം നൽകി യാത്രയക്കുമ്പോൾ ഹൃദയം പൊട്ടി കരഞ്ഞെങ്കിലും പിന്നീട് കണ്ണീർ പൊഴിച്ച് നിരാശയോടെ ജീവിതം തള്ളിനീക്കാൻ ഈ 27കാരി ആഗ്രഹിച്ചില്ല.
പ്രിയതമൻ ജീവൻ നൽകിയ മണ്ണിനെ സംരക്ഷിക്കാൻ താനും പ്രതിജ്ഞാബദ്ധയാണെന്ന് തിരിച്ചറിഞ്ഞ നികിത കൗൾ പിന്നീട് ഇന്ത്യൻ ആർമിയുടെ ഭാഗമാകാനുള്ള പരിശ്രമത്തിലായിരുന്നു. രണ്ട് വർഷം കൊണ്ട് ഇന്ത്യൻ ആർമിയിൽ ചേർന്ന് നികിത രാജ്യത്തിന്റെ അഭിമാനമായി.
പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച വിഭൂതി ശങ്കറിനെ രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. അന്ന് സൈനിക ഓപ്പറേഷന് തയാറെടുക്കുന്ന തിരക്കിൽ ഭാര്യയെ ഫോണിൽ വിളിച്ച വിഭൂതി പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജീവത്യാഗത്തിന് പിന്നാലെ വലിയ വാർത്തയായിരുന്നു.
‘ഓപ്പറേഷൻ കഴിഞ്ഞിട്ട് വിളിച്ചാൽ മതിയായിരുന്നല്ലോ എന്ന് നികിതയുടെ ചോദ്യത്തിന് വിഭൂതി പറഞ്ഞ മറുപടി ഇങ്ങനെ. ‘ഇനി ഒരുപക്ഷേ എനിക്ക് വിളിക്കാൻ കഴിഞ്ഞില്ലെങ്കില്ലോ. ഞാൻ ഈ യൂണിഫോമിനെ എത്ര സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ. ഈ നാടിനെയും.’
2018ൽ ഭർത്താവിന്റെ വിയോഗത്തിന്റെ രണ്ടാമത്തെ ദിവസമാണ് നികിത കൗൾ ഈ ധീരമായ തീരുമാനം എടുത്തത്. അന്ന് ഇരുവരുടേയും വിവാഹം കഴിഞ്ഞ് വെറും 9 മാസങ്ങൾ മാത്രമേ പൂർത്തിയായിട്ടുണ്ടായിരുന്നുള്ളൂ.
നികിത കൗൾ ധൗണ്ഡ്യാൽ ഇന്ന്ഇന്ത്യൻ ആർമിയിൽ ലഫ്റ്റനന്റാണ്. നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ വൈകെ ജോഷി സ്ഥാനമുദ്രകൾ അണിയിക്കുമ്പോൾ രാജ്യം തന്നെ ഈ യുവതിയുടെ അർപ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് നൽകുകയാണ്.
‘ജീവിതത്തെ വേദനകൾ കൊത്തിപ്പറിക്കുമ്പോൾ, ദുഖം ഇരുട്ടുപോലെ പൊതിയുമ്പോൾ മനസിലെപ്പോഴും ഒരു ലക്ഷ്യം കാത്തുവയ്ക്കണം. തളർന്ന് വീഴുമ്പോഴെല്ലാം ആ വെളിച്ചത്തെ നോക്കി ഊർജം നിറയ്ക്കണം. ലക്ഷ്യത്തിലെത്തിച്ചേരും വരെ വിശ്രമമില്ലാതെ പോരാടണം.’-അന്ന് നോവ് കടിച്ചമർത്തി നികിത കൗൾ പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായി.
Discussion about this post