ന്യൂഡൽഹി: ഇന്ത്യയിൽ അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്നതിനിടെ രാജ്യത്തെ ആശങ്കയിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂയോർക് ടൈംസ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മൂന്ന് ലക്ഷം പേരായിരിക്കില്ല എന്നും 40 ലക്ഷം പേർ വരെ മരിച്ചിരിക്കാമെന്നും ന്യൂയോർക് ടൈംസ് പറയുന്നു. മെയ് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ റിപ്പോർട്ട് ഉള്ളത്.
കോവിഡ് സംബന്ധിച്ച് ഇന്ത്യ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും വ്യാപകമായ ടെസ്റ്റുകള്‍ നടക്കുന്നില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ലോകത്തില്‍ മറ്റെവിടെയുമില്ലാത്ത നഷ്ടം കോവിഡ് ഇന്ത്യയിലുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും സർവെ റിപ്പോർട്ടുകളും അടക്കമാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
‘സാങ്കേതികവും സാംസ്കാരികവുമായ നിരവധി കാരണത്താൽ ഇന്ത്യയിലെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. പലമരണങ്ങളും വീടുകളിലാണ് സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. മാത്രമല്ല, ഇന്ത്യയിൽ കോവിഡ് ബാധിച്ചാണ് മരണമെന്നത് ബന്ധുക്കൾ മറച്ചുവെക്കുന്ന പ്രവണതയുമുണ്ട്. കോവിഡിന് മുന്നേ തന്നെ ഇന്ത്യയിൽ അഞ്ചിൽ നാലുമരണങ്ങളും മെഡിക്കൽ രീതിയിൽ അന്വേഷിക്കാറില്ല’-ലേഖനം പറയുന്നു.
മെയ് 24 വരെയുള്ള കണക്ക് പ്രകാരം 26,948,800 കേസുകളും 307,231 മരണങ്ങളുമാണ് ഇന്ത്യയിൽ ഉള്ളതായി പറയപ്പെടുന്നത്. ലോകാരോഗ്യ സംഘടന തന്നെ പറയുന്നത് റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി കേസുകൾ ഉണ്ടാകുമെന്നാണ്.
Discussion about this post