കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല വീട്ടമ്മയെ കണ്ടെത്തി ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍! മാതൃകയായി പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍, സ്വര്‍ണത്തേക്കാള്‍ തിളക്കം ഈ സത്യസന്ധതയ്ക്ക്

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ അഭയ് വിപിന്‍, ആഷിത തുഷാര, ആര്‍ദ്ര സന എന്നിവരുടെ സത്യസന്ധതയാണ്

വിദ്യാനഗര്‍: വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയ മാല വീട്ടമ്മയെ കണ്ടെത്തി ഏല്‍പ്പിച്ച് മാതൃകയായി പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍. സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുള്ളതാണെന്ന് സത്യസന്ധത എന്ന് തെളിയുകയാണ് ഈ കുരുന്നുകളിലൂടെ. ഒരാഴ്ച മുന്‍പാണ് വീട്ടമ്മയുടെ രണ്ട് പവന്റെ മാല കാണാതെ പോയത്. നഷ്ടപ്പെട്ടു പോയി എന്നു കരുതിയത് തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ഇവര്‍.

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ അഭയ് വിപിന്‍, ആഷിത തുഷാര, ആര്‍ദ്ര സന എന്നിവരുടെ സത്യസന്ധതയാണ് ഇപ്പോള്‍ കേരളത്തിന് തന്നെ മാതൃകയാവുന്നത്. കുഡ്ലുവിലെ കെടി രാജന്റ ഭാര്യ വീട്ടമ്മയായ സിപദ്മിനിയുടെ മാലയാണ് നഷ്ടപ്പെട്ടിരുന്നത്. കഴിഞ്ഞ 11-ന് യാത്രക്കിടെയാണ് മാല നഷ്ടപ്പെട്ടത്. സ്‌കൂള്‍ വിട്ട് ട്യൂഷന്‍ ക്ലാസിന് പോകും വഴി പാറക്കട്ട മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കുട്ടികള്‍ക്ക് മാല കിട്ടിയത്.

വിദ്യാനഗര്‍ ക്രൈം എസ്‌ഐ വിപി വിപിനിന്റെയും രജിഷയുടെയും മകനാണ് അഭയ് വിപിന്‍. പാറക്കട്ട എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എംകെ സതികുമാറിന്റെയും പി സുനിതയുടെയും മക്കളാണ് ആഷിതയും ആര്‍ദ്രസനയും. കുട്ടികള്‍ മാല എസ്‌ഐ വിപിന് കൈമാറി. വിദ്യാനഗര്‍ സ്റ്റേഷനില്‍ എസ്‌ഐ ഇ.അനൂപ്കുമാര്‍, ക്രൈം എസ്‌ഐ വിപി വിപിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അഭയും ആര്‍ദ്രസനയും ചേര്‍ന്ന് മാല സി പദ്മിനിക്ക് കൈമാറി.

Exit mobile version