‘ഓക്‌സിജന്‍ പിടിച്ചെടുക്കുന്നത് പ്രകൃതി ചൂഷണം, ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതാണ് നല്ലത്’; ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ കങ്കണ

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം അതീരൂക്ഷമായി തുടരുകയാണ്. അതിനിടെ ഓക്‌സിജന്‍ ക്ഷാമവും വന്നതോടെ ഇതിനോടകം നിരവധി പേരാണ് ജീവശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത്. രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഓക്‌സിജന്‍ ക്ഷാമം മാറിയിരിക്കുകയാണ്.

ഓക്സിജന്‍ ക്ഷാമമെന്നത് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ ഇരട്ടി പ്രത്യാഘാതമുണ്ടാക്കുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗത്ത്. എല്ലാവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറയുന്നു.

ഇതിനാല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നും കങ്കണ പറയുന്നു. ഒപ്പം ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതില്‍ പ്രശ്നമില്ലെന്നും കങ്കണ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,’ കങ്കണ ട്വീറ്റ് ചെയ്തു.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല.

Exit mobile version