കോഴിക്കോട്:മേയ് 4 നു ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുമ്പോൾ വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി കെകെ രമ ആർഎംപി എംഎൽഎ ആയി നിയമസഭയിലേക്ക്
2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്കു ചരിത്രത്തിൽ ആദ്യമായി എംഎൽഎ.ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങ്ങാണ് വടകരയിൽ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. വിജയം രമ ടി.പി.ചന്ദ്രശേഖരനു സമർപ്പിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ രമയുടെ ഭൂരിപക്ഷം 7014.സ്ഥാനാർഥി പ്രഖ്യാപനം മുതൽ കെ.കെ. രമയ്‌ക്കൊപ്പം നിന്ന വടകര അവസാന നിമിഷം വരെ കൂടെ നിന്നുവെന്നു വിജയം തെളിയിക്കുന്നു .തപാൽവോട്ട് എണ്ണിത്തുടങ്ങുമ്പോൾ മുതൽ കെ.കെ.രമ മുന്നിലായിരുന്നു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥികളൊക്കെ കിതച്ചു മുന്നേറിയപ്പോൾ രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയർന്നു നിന്നു. ഇടയ്ക്ക് 2000 ൽ നിന്നു ഭൂരിപക്ഷം 450 ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളിൽ രമ ഭൂരിപക്ഷം തിരിച്ചു പിടിച്ചു. കോഴിക്കോട്ടെ സ്ഥാനാർഥികളിൽ അതിവേഗം ഫിനിഷിങ് പോയിന്റിൽ എത്തിയവരിൽ ഒരാളും രമയായിരുന്നു.
സിപിഎമ്മിനെതിരെ കെ.കെ.രമ എന്ന കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണ് വടകരയിൽ വിജയം കണ്ടത്. വടകര സീറ്റ് ആർഎംപിക്കു നൽകാൻ യുഡിഎഫ് തീരുമാനിച്ചപ്പോൾത്തന്നെ രമയായിരിക്കണം സ്ഥാനാർഥി എന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും രമ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്നു കോൺഗ്രസ് കർശന നിലപാട് എടുത്തതോടെയാണ് രമ മത്സര രംഗത്തേക്ക് എത്തുന്നത്. ആർഎംപിയുടെയും യുഡിഎഫിന്റെയും വോട്ടുകൾക്കു പുറമേ നിഷ്പക്ഷ വോട്ടുകളും കൂടി ലഭിച്ചതാണു രമയുടെ വിജയത്തെ സഹായിച്ചത്.
എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിൽ എത്തിയ കെ.കെ. രമ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2012 മെയ് 4-ന് ഭർത്താവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനുശേഷമാണ് കെ.കെ. രമ പൊതുസമൂഹത്തിൽ ചർച്ചയാകുന്നതും പതിയെ ആർ.എം.പി.യുടെ നേതാവായി രാഷ്ട്രീയത്തിൽ സജീവമാകുന്നതും. ഔദ്യോഗികമായി ഒരു ബാങ്ക് ജീവനക്കാരിയുമാണ്.
Discussion about this post