കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കനത്ത പരാജയമാണ് ബിജെപിക്ക് നേടാനായത്. തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു തവണത്തെ വിജയ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള ധ്രൂവീകരണം നടന്നിട്ടുണ്ടെന്നും പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിനകത്തെ മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കെ സുരേന്ദ്രന്റെ പ്രതികരണം-
എന്‍ഡിഎക്ക് പ്രതീക്ഷിച്ച സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലായെന്നത് അംഗീകരിക്കുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ധ്രൂവീകരണം നടന്നുവെന്നാണ് പ്രാഥമികമായി കാണുന്നത്. പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ശക്തമായി മുന്നോട്ട് പോവുകയെന്നതാണ് നിലപാട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സിപിഐഎമ്മിന്റെ ഏകാധിപത്യ പ്രവണതയോടും അഴിമതിയോടും തുടര്‍ന്നും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് പോരാട്ടം തുടരും. ഏക സീറ്റ് നഷ്ടമായെങ്കിലും ജനങ്ങളുടെ പ്രതിപക്ഷമായി മുന്നോട്ട് പോകും.
ആശയപരമായി ഇടത് പാര്‍ട്ടികളോടുള്ള വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ച് മുന്നോട്ട് പോകും. നേമത്ത് മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള ധ്രൂവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. മഞ്ചേശ്വരത്ത് അധിക വോട്ട്് പിടിച്ചിട്ടും 700 വോട്ടിന് പരാജയപ്പെട്ടു. പാലക്കാട് ഇ ശ്രീധരനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മിനകത്തെ മുസ്ലീം വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തു. പച്ചയായ സത്യമാണ്. എന്‍ഡിഎ വിജയിപ്പിക്കാന്‍ മതപരമായ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു.തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ അംഗീകരണം. ഇതേ പിണറായി വിജയനാണ് 20 ല്‍ പത്തൊമ്പത് സീറ്റിലും പരാജയപ്പെട്ടത്. സ്ഥായിയായ വിധി ജനങ്ങള്‍ നല്‍കുന്നില്ല. ഒരു തവണത്തെ വിജയ പരാജയത്തിന്റെ അതിസ്ഥാനത്തിലല്ലോ കാര്യങ്ങള്‍.
Discussion about this post