കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ലഭിച്ചത് ആയിരത്തോളം വോട്ടുകള്‍. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഈ അമ്മയ്ക്ക് ലഭിച്ചത്. ധര്‍മടത്ത് മത്സരിക്കാന്‍ ആകെ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. നോട്ടയ്ക്ക് മുന്നൂറോളം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
ധര്‍മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവര്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ ഇറങ്ങിയത്. മക്കളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കേസിലെ സിബിഐ അന്വേഷണം തുടങ്ങി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നായിരുന്നു വാളയാര്‍ അമ്മ ആരോപിച്ചത്.
നീതി നിഷേധിക്കപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ മത്സര രംഗത്ത് ഇറങ്ങിയത്. കുട്ടികളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ വോട്ട് ചോദിച്ചത്. ഉടുപ്പ് ആയിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.