“തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടിയില്ല”; തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് അനില്‍ അക്കര

election | bignewslive

തൃശൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര.താന്‍ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ല. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അനില്‍ അക്കര പറഞ്ഞു.

അതേസമയം ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. ഇതാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഒക്കെ ജനം തള്ളിക്കളഞ്ഞ് ഇടത് സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്.

Exit mobile version