കോട്ടയം: ശക്തികേന്ദ്രമായ പൂഞ്ഞാറിൽ തോൽവി നേരിട്ട ജനപക്ഷം നേതാവ് പിസി ജോർജ് ജനങ്ങളോട് നന്ദി അറിയിച്ച് രംഗത്ത്. രണ്ടാം സ്ഥാനത്ത് എത്തിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും ഇതു പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദി കെട്ടവനായി പോകുമെന്നും പിസി ജോർജ് തോൽവിക്ക് പിന്നാലെ പ്രതികരിച്ചു. യഥാർത്ഥത്തിൽ പിണറായി വിജയന്റെ നേട്ടമാണ് എൽഡിഎഫ് മുന്നേറ്റമെന്നും ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണെന്നും പിസി ജോർജ് വിശേഷിപ്പിച്ചു.
പിസി ജോർജിന്റെ വാക്കുകൾ:
എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. അത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദികെട്ടവനായിരിക്കും. യഥാർത്ഥത്തിൽ പിണറായി വിജയന്റെ നേട്ടമാണിത്. പിണറായി വിജയന്റെ ഭൂരിപക്ഷം 50000 നാണ്. ഈ കഴിഞ്ഞ 5 വർഷത്തെ ഇടതുപക്ഷത്തിന്റെ നേട്ടമാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണ്. കെടി ജലീലിനേയും മേഴ്‌സികുട്ടിയമ്മയേയും തോൽപ്പിച്ചു. ജനം ബോധവാന്മാരാണ്. കൊറോണയെ നേരിടാൻ അദ്ദേഹം കാണിച്ച ശ്രമം ചെറുതല്ല. പ്രളയത്തിലും ഒപ്പം നിന്നു. ഒരാളേയും പട്ടിണിക്കിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയാരാണോഅവർക്ക് ജനം വോട്ട് ചെയ്തു. സ്ഥാനാർത്ഥിയെ നോക്കിയില്ല. പിണറായിയുടെ വലിയ നേട്ടമാണിത്.
തോൽവിക്ക് പിന്നാലെ പിസി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഈരാറ്റുപേട്ടയിൽ പോസ്റ്റൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിസി ജോർജിന്റെ ജനന തിയ്യതിയും വോട്ടെണ്ണൽ ദിനമായ ഇന്ന മരണതിയ്യതിയായും നൽകിയാണ് ഫഌ്‌സ് പ്രത്യക്ഷപ്പെട്ടത്. പിസി ജോർജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് ‘ചത്തു’ എന്നും മാറ്റി എഴുതി.
ഫഌ്‌സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ‘നമ്മൾ ഈരാറ്റുപേട്ടക്കാർ’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോർജിനെതിരെ പോസ്റ്റർ ഉണ്ട്. ഒരാളെ സംസ്‌ക്കരിക്കുമ്പോൾ ചൊല്ലുന്ന വചനങ്ങളാണ് ക്യാപ്ഷനായി നൽകിയത്.
നിലവിൽ 5177 വോട്ടിനു പിന്നിലാണ് പിസി ജോർജ്. അവസാന റൗണ്ടുകളിൽ പ്രതീക്ഷിച്ച ലീഡ് പിസി ജോർജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉൾപ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളിൽ നിന്നും കാര്യമായ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 40 വർഷമായി കൊണ്ടു നടന്ന പൂഞ്ഞാർ മണ്ഡലം പിസി ജോർജിനെ കൈവിടുന്ന കാഴ്ചയിലേക്കാണ് രാഷ്ട്രീയ കേരളം നീങ്ങുന്നത്. 2016 ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോർജ് ജയിച്ചത്
Discussion about this post