തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സായുധസേനയുടെ സുരക്ഷയില്‍ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും.
രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും. എട്ടുമണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും അപ്ഡേറ്റ് ചെയ്യും.
957 സ്ഥാനാര്‍ത്ഥികള്‍, 40,771 ബൂത്തുകള്‍, രണ്ട് കോടിയിലധികം വോട്ടുകളാണ് ഉള്ളത്. റിസര്‍വ്വ് ഉള്‍പ്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് വിട്ടുവീഴ്ചയില്ലാത്ത മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിന്റെ ഫലമോ രണ്ട് ഡോസ് വാക്സീന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളെയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറ്റില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ജനങ്ങള്‍ കൂട്ടം കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫീസറുടെ സഹായവുമുണ്ടാകും.
Discussion about this post