സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ ഡബിള്‍ മാസ്‌ക് എന്താണെന്നും എന്തിനാണെന്നും എങ്ങനെയാണ് ഉപയോഗമെന്നും വ്യക്തമാക്കുകയാണ് ഡോക്ടര്‍ അശ്വിനി. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ലേഖനം:
?? ഡബിള്‍ മാസ്‌ക് ??
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്, ഒപ്പം ആശങ്കാജനകമായി വാക്സിന്‍ ക്ഷാമവും! കോറോണക്കെതിരെയുള്ള നമ്മുടെ ആയുധശേഖരത്തില്‍ പ്രധാനമായ മാസ്‌ക് ഉപയോഗം ഒന്ന് കൂടി ശക്തിപ്പെടുത്തുന്നത് ഈ സാഹചര്യത്തില്‍ എന്ത് കൊണ്ടും നല്ലതാണ്.
മാസ്‌ക് നമുക്ക് നല്‍കികൊണ്ടിരിക്കുന്ന സംരക്ഷണം വര്‍ധിപ്പിക്കാന്‍ രണ്ടു കാര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മതിയാകും.
1??മാസ്‌കിന്റെ ഫിറ്റ് (fit)
– ഉപയോഗിക്കുന്ന ആളുടെ മുഖത്തോടു ചേര്‍ന്ന് ഇരിക്കാനുള്ള കഴിവ്.
2??മാസ്‌കിന്റെ ഫില്‍റ്ററേഷന്‍ (filtration)
-സ്രവകണികകളെ അരിച്ചു മാറ്റാനുള്ള കഴിവ്.
ഫില്‍റ്ററേഷന്‍ മെച്ചപ്പെടുത്തുന്നതിലൂടെ വൈറസിനെ വഹിക്കുന്ന സ്രവകണികകള്‍ അകത്തേക്കും പുറത്തേക്കും പോകുന്നത് കൂടുതല്‍ നന്നായി തടയുന്നു. ഉപയോഗിക്കുന്നയാള്‍ക്ക് മറ്റുള്ളവരില്‍ നിന്നു രോഗം പകരുന്നതും, മറിച്ച് ഉപയോഗിക്കുന്നയാള്‍ക്ക് രോഗമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ക്ക് പകരുന്നതും മെച്ചപ്പെട്ട രീതിയില്‍ തടയുന്നു.
പാളികള്‍ കൂട്ടുക (Layering) എന്നതാണ് ഫില്‍റ്ററിംഗ് മെച്ചപ്പെടുത്താനുള്ള പ്രധാന മാര്‍ഗ്ഗം. രണ്ടു തരത്തില്‍ ഇത് ചെയ്യാം.
??കൂടുതല്‍ പാളികളുള്ള തുണി മാസ്‌ക് ഉപയോഗിക്കുക.
??ഡബിള്‍ മാസ്‌ക് – രണ്ടു മാസ്‌കുകള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിക്കുക.
ഫിറ്റും ഫില്‍റ്ററേഷനും ഒരുപോലെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ് ഡബിള്‍ മാസ്‌ക്.
??ഒന്നിന് മേലെ ഒന്നായി രണ്ടു മാസ്‌ക് ധരിക്കുമ്പോള്‍, ഉള്ളിലുള്ള മാസ്‌ക് മുഖത്തേക്ക് അമര്‍ത്തി വയ്ക്കുന്നത് മാസ്‌കിന്റെ ഫിറ്റ് മെച്ചപ്പെടുത്തി വശങ്ങളിലൂടെയുള്ള വായു ലീക്ക് തടയും.
??കൂടുതല്‍ പാളികള്‍ ഉള്ളത് മൂലം ഫില്‍റ്ററേഷന്‍ മെച്ചപ്പെടുന്നു.
ഉള്ളില്‍ മെഡിക്കല്‍(സര്‍ജിക്കല്‍) മാസ്‌കും അതിന് മേലെ തുണി മാസ്‌കും എന്നതാണ് അഭികാമ്യം.
എന്നാല്‍ ചില തരം മാസ്‌കുകള്‍ രണ്ടെണ്ണം ഒന്നിന് മേല്‍ ഒന്നായി ഉപയോഗിക്കാന്‍ പാടില്ല.
??മെഡിക്കല്‍(സര്‍ജിക്കല്‍) മാസ്‌ക് + മെഡിക്കല്‍(സര്‍ജിക്കല്‍) മാസ്‌ക്??
രണ്ടു മെഡിക്കല്‍(സര്‍ജിക്കല്‍) മാസ്‌കുകള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിക്കുന്നത് കൊണ്ട് ഫിറ്റ് മെച്ചപ്പെടുന്നില്ല.
??N95 മാസ്‌ക് + മറ്റു തരം മാസ്‌കുകള്‍??
N95 മാസ്‌കുകള്‍ക്കു മുകളിലോ താഴെയോ മറ്റു മാസ്‌കുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
കോവിഡ് 19ല്‍ നിന്ന് മാസ്‌കുകള്‍ നല്‍കുന്ന സംരക്ഷണത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് മാസ്‌കിന്റെ ഫിറ്റ് (fit). മുഖത്തിന് അനുയോജ്യമല്ലാത്ത മാസ്‌ക് ധരിച്ചാല്‍ മുഖത്തിനും മാസ്‌കിനും ഇടയില്‍ വിടവ് വരികയും ഇത് വായു മാസ്‌കിന്റെ വശങ്ങളിലൂടെ ചോര്‍ന്നുപോകാനും കാരണമാകുന്നു. ഫിറ്റ് മെച്ചപ്പെടുത്തുന്നതിലൂടെ മാസ്‌കിന്റെ വശങ്ങളിലൂടെ വായു കടക്കുന്നത് തടയുകയും മാസ്‌കിലൂടെ തന്നെ വായു ഫില്‍റ്റര്‍ ചെയ്തു അകത്തേക്കും പുറത്തേക്കും പോകുകയും ചെയ്യുന്നു.
??ഫിറ്റ് മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍
??നോസ് വയര്‍ (Nose Wire)
മൂക്കിന്റെ പാലത്തിനു മേല്‍ അമര്‍ത്തി വയ്ക്കാവുന്ന നേര്‍ത്ത ലോഹകമ്പിയാണിത്. ഇത് മാസ്‌ക് ഉപയോഗിക്കുമ്പോള്‍ കണ്ണട ഫോഗ് ആകുന്ന പ്രശ്‌നത്തിനും ഒരു പരിഹാരമാണ്.
??മാസ്‌ക് ഫിറ്റര്‍ / ബ്രേസ് (Mask Fitters and Braces)
ഇത് തുണി മാസ്‌കുകള്‍ക്കും മെഡിക്കല്‍(സര്‍ജിക്കല്‍) മാസ്‌കുകള്‍ക്കും മുകളില്‍ ധരിച്ചാല്‍ ഫിറ്റ് ഉറപ്പാക്കാം.
??അധികമുള്ള ഭാഗം മടക്കി വയ്ക്കുക, അധികമുള്ള ചരട് കെട്ടി വയ്ക്കുക (Knotting and Tucking)
ഫിറ്റ് ഉറപ്പ് വരുത്തുന്നതിനായി മാസ്‌ക് ധരിച്ച ശേഷം കൈപ്പത്തി മാസ്‌കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. ലീക്ക് ഇല്ല എങ്കില്‍ ഉച്ഛ്വാസവായു മാസ്‌കിനുള്ളിലൂടെ മാത്രം പുറത്തേക്ക് വരുന്നത് അറിയാന്‍ കഴിയും; ശ്വാസോച്ഛ്വാസത്തിനു അനുസരിച്ചു മാസ്‌ക് ഉയരുകയും താഴുകയും ചെയ്യും.ഫിറ്റും ഫില്‍റ്ററേഷനും മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
??ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുത്.
??കാഴ്ച മറയരുത്.
മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും ഉറപ്പ് വരുത്താന്‍ വീട്ടില്‍ പരീക്ഷിച്ചു വിജയിച്ച ശേഷം മാത്രം പൊതുസ്ഥലത്തു ഇവ ഉപയോഗിക്കുക.
??കുട്ടികളില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം.
അപ്പോള്‍, വാക്സിന്‍ കിട്ടാവുന്ന ആദ്യ അവസരത്തില്‍ തന്നെ എടുക്കുക. മാസ്‌ക് കൂടുതല്‍ ഫല്‍പ്രദമായും കാര്യക്ഷമമായും ഉപയോഗിക്കുക. ഒപ്പം ശാരീരിക അകലവും കൈകളുടെ ശുചിത്വവും മറക്കേണ്ട !
NB: മുന്‍പ് ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പലതരം മാസ്‌കുകളെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക്, മാസ്‌കിന്റെ ഫിറ്റും ഫില്‍റ്ററേഷനും മെച്ചപ്പെടുത്താനുള്ള ഓരോ രീതിയുടെയും ചിത്രങ്ങള്‍ എന്നിവ ആദ്യ കമന്റുകളില്‍ ചേര്‍ത്തിരിക്കുന്നു.
എഴുതിയത് : ഡോ. അശ്വിനി ആര്‍.
ഇന്‍ഫോ ക്ലിനിക്
Discussion about this post