കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുന്നതിലൂടെ കോവൂർ കുഞ്ഞുമോന് വിവാഹം കഴിക്കാമെന്ന കൊടിക്കുന്നിൽ സുരേഷിന്റെ പരിഹാസത്തിന് മറുപടിയുമായി എംഎൽഎ കോവൂർ കുഞ്ഞുമോൻ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇത്രയും നാൾ വിവാഹം വേണ്ടെന്നു വച്ചതെന്നു കോവൂർ കുഞ്ഞുമോൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. ഇപ്പോൾ പ്രധാനം നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം വിവാഹം കഴിക്കുന്നതു സജീവ പരിഗണനയിലാണെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
കോവൂർ കുഞ്ഞുമോന്റെ വിവാഹത്തെക്കുറിച്ച് പരാമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി പോസ്റ്റ് ചെയ്ത കുറിപ്പാണ് വിഷയം വീണ്ടും ചർച്ചയ്ക്ക് ഇടയാക്കിയത്. കുന്നത്തൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത് കോവൂർ കുഞ്ഞുമോനു വിവാഹം കഴിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്.
ശാസ്താംകോട്ട കായൽ ശുദ്ധീകരിച്ച ശേഷമേ വിവാഹം കഴിക്കൂ എന്നു പറയുന്ന കോവൂർ കുഞ്ഞുമോനെ തോൽപിച്ച് കായൽ യുഡിഎഫ് എംഎൽഎയുടെ നേതൃത്വത്തിൽ ശുദ്ധീകരിക്കുന്നതോടെ കോവൂരിനു വിവാഹം കഴിക്കാമെന്നും കൊടിക്കുന്നിൽ പരിഹസിച്ചിരുന്നു
അതേസമയം, വ്യക്തിപരമായുള്ള കാര്യങ്ങൾ ഉന്നയിച്ചു സമൂഹമാധ്യമങ്ങളിലെ കൊടിക്കുന്നിലിന്റെ പരാമർശം മോശമായിപ്പോയെന്ന് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചു. ”20 വർഷമായി പൊതുരംഗത്തുണ്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ആദ്യമൊക്കെ വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വിവാഹം കഴിക്കാതിരുന്നതിന്റെ പേരിൽ നഷ്ടബോധമൊന്നുമില്ല. പൊതുജനങ്ങളെ സേവിക്കാനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനും കൂടുതൽ സമയം കിട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ വേണ്ട പരിഗണന കുടുംബജീവിതത്തിനു കൊടുക്കാനാണു തീരുമാനം. നിലവിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകും.”- കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
മുമ്പ്, തന്റെ മണ്ഡലത്തിലുള്ള ശാസ്താംകോട്ട കായൽ കാമുകിയാണെന്നും അതിനെ സുന്ദരിയായി സംരക്ഷിക്കാൻ നടപടിയെടുത്തിട്ടേ കല്യാണം കഴിക്കൂവെന്നും കുഞ്ഞുമോൻ സഭയിൽ പറഞ്ഞിരുന്നു. അന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്-കായലിന്റെ കാര്യം സർക്കാർ ഏറ്റു. ഇനി കുഞ്ഞുമോൻ കല്യാണം കഴിച്ചോളൂ എന്ന്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയും ചെയ്തതോടെ സംഭവം കൗതുകവാർത്തയുമായിരുന്നു.
Discussion about this post