കോവിഡ് കേരളത്തിലേക്ക് വന്നിട്ട് ഒരു വര്‍ഷം ആയി. ലോകത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയ്ക്ക് മുമ്പില്‍ അതിജീവനത്തിനായ് പൊരുതുകയാണ് എല്ലാവരും. അതിനിടയില്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ വീണ്ടും കോവിഡ് കണക്കുകള്‍ ഉയരുകയാണ്, ഇപ്പോള്‍ കോവിഡ് വന്നാലെന്ത് വന്നില്ലെങ്കില്‍ എന്ത് എന്ന മനോഭാവത്തിലാണ് പലരുടേയും പ്രവര്‍ത്തികള്‍.
ജനം പൊതുഇടങ്ങളില്‍ ഇറങ്ങിത്തുടങ്ങി. ഈ സാഹചര്യത്തില്‍ കോവിഡിനെ ഭയപ്പാടോടെ കാണുന്ന ഒരു വിഭാഗമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ജസ്ന പ്രവീണ്‍ എന്ന വീട്ടമ്മ. കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണോ പുതിയ ഇളവുകളെന്നും ജസ്ന ചോദിക്കുന്നു.
”കോവിഡ് കേരളത്തിലേക്ക് വന്ന കാലത്തേക്കൊന്നു തിരിഞ്ഞു നോക്കണം. ഇറ്റലിയില്‍ നിന്നെത്തിയ ആ കുടുംബത്തെ ഓര്‍ക്കുന്നില്ലേ? അവരോടുള്ള വിദ്വേഷത്താല്‍ വികാരം കൊള്ളാത്ത മലയാളിയുണ്ടായിരുന്നോ അന്ന്? കൊറോണ പോയ വഴി കണ്ടുപിടിക്കാന്‍ റൂട്ട് മാപ്പിട്ട് ഗവണ്മെന്റും പത്രക്കാരും മത്സരിച്ച ദിനങ്ങള്‍. പോയ വഴി കൊറോണ അന്തപ്പന്‍ ചേട്ടന്റെ ചായപ്പീടികയില്‍ കേറി സവാള വട കഴിച്ചിട്ടുണ്ടെന്നും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലെ പൊതു ശൗച്യാലയത്തില്‍ മൂത്രമൊഴിച്ചിട്ടുണ്ടെന്നും തുടങ്ങി സകല ഡീറ്റൈല്‍സും അപ്പപ്പോള്‍ അറിയാമായിരുന്നു നമുക്കെല്ലാം.
കോവിഡ് ബാധിച്ച വ്യക്തിയുടെ കുഞ്ഞമ്മേടെ മോന്റെ കൂട്ടുകാരന്‍ സഞ്ചരിച്ച വണ്ടി അപ്പുറത്തെ പഞ്ചായത്തില്‍ കൂടി പോയെന്നറിഞ്ഞാല്‍ രണ്ടാഴ്ച മുറ്റത്തേക്കിറങ്ങുമായിരുന്നില്ല മലയാളി.
ഫ്‌ലാഷ് ബാക്ക് അവസാനിപ്പിച്ചു തിരികെ വരാം വാര്‍ത്തമാനത്തിലേക്ക്. കേരള ആരോഗ്യരംഗത്തിന്റെ മേന്മയെക്കുറിച്ച്, ഗവണ്മെന്റിന്റെ നയങ്ങളെക്കുറിച്ച്, മലയാളിയുടെ സാക്ഷരതയെക്കുറിച്ച്, പ്രബുദ്ധതയെക്കുറിച്ച് എഴുതിയിരുന്നു ഞാനും പലവട്ടം. കുറച്ചു മാസങ്ങളായി വായടഞ്ഞിരിക്കുകയാണ്.??
തീയേറ്ററുകള്‍ തുറന്നു, കോളേജുകളും സ്‌കൂളുകളും തുറന്നു, ബെവറേജ് ഷോപ്പുകള്‍ തുറന്നു.
ജനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി. മൂന്നാറില്‍ വിനോദസഞ്ചരികളുടെ തിരക്ക്! സിനിമ കാണാന്‍ മാസ്‌ക് പോലും വെക്കാതെ ജനസമുദ്രം! സാമൂഹിക അകലം പാലിച്ചുള്ള ബെഞ്ചുകളില്‍ ഇരുന്നു പഠിച്ചിട്ടു തോളത്തു കൈയിട്ടു കൂട്ടുകൂടി ഇറങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍! സാധാരണ പോലെ പങ്കുവെയ്ക്കലുകള്‍ മുടക്കാത്ത അവരുടെ സൗഹൃദ കൂട്ടായ്മകള്‍! വിവാഹ സല്‍കാരങ്ങള്‍! രാഷ്ട്രീയ ഒത്തുചേരലുകള്‍! ധര്‍ണകടം ള്‍! കൊറോണ പോയ വഴി ഇനി മഷിയിട്ടു നോക്കിയാല്‍ പിടി കിട്ടില്ല.. കാരണം പോകാത്തോരിബാക്കിയില്ലല്ലോ.
സാമൂഹിക അകലവും മാസ്‌ക് ധരിക്കലുമൊക്കെ ഫ്‌ലക്‌സുകളിലും പോസ്റ്ററുകളിലും മാത്രം കാണുന്നൊരു പ്രഹസനമായി മാറി. ‘കോവിഡ് വന്നാല്‍ ഒട്ടും പേടിക്കാനില്ല, വെറും ജലദോഷപ്പനി പോലുള്ളു’ എന്നാണ് എവിടെ നിന്നും കേള്‍ക്കാനുള്ളു. അങ്ങനെ ഒരു ജലദോഷപ്പനിക്ക് മുന്‍പിലാണോ സമസ്ത ലോകവും വിറച്ചു നിന്നത് എന്ന് ചോദിച്ചാല്‍ ഞാന്‍ വിഡ്ഢിയാകുമോ???
കോവിഡ് വരുന്നതില്‍ പ്രശ്‌നമില്ലാത്തവര്‍ അത് വാങ്ങി കക്ഷത്തില്‍ വെച്ചോളൂ. പക്ഷെ, അങ്ങേയറ്റം ഭയപ്പെടുന്നൊരു ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഞങ്ങളെപ്പോലെ! കൈകുഞ്ഞുങ്ങള്‍ ഉള്ളവര്‍. വൃദ്ധ മാതാപിതാക്കള്‍ ഉള്ളവര്‍. ഗര്‍ഭിണികള്‍. രോഗികള്‍..ഞങ്ങള്‍ക്ക് വരാതിരിക്കാനുള്ള എല്ലാ കരുതലും ചെയ്യുന്നുണ്ട്. പക്ഷെ ഇങ്ങു കൊണ്ടുവന്നു തന്നെ തീരൂ എന്ന് ചിന്തിക്കുന്ന ചില ഗവണ്മെന്റ് തീരുമാനങ്ങളോടും, ചില വ്യക്തികളോടും ഒക്കെ വല്ലാത്ത അമര്‍ഷം തോന്നുന്നു.
2 മാസ്‌ക് ധരിച്ചു, 2 ലയര്‍ ഗ്ലൗവ്‌സ് ധരിച്ചു ഒരു കുപ്പി സാനിറ്റയ്‌സറുമായി പുറത്തിറങ്ങുന്ന എന്റെ കുടുംബനാഥന്‍ പലപ്പോഴും അസ്വസ്ഥനായാണ് തിരികെ വരാറുള്ളത്. പലയിടങ്ങളില്‍ നിന്ന് പല വാഹനങ്ങളില്‍ സഞ്ചരിച്ചു പലരോടും കൂട്ട് കൂടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെന്ന് നില്‍ക്കുമ്പോള്‍ വീട്ടിലെ ഏക ആശ്രയം ഈ നില്‍ക്കുന്ന മനുഷ്യനാണെന്നു എത്രപേര്‍ ചിന്തിക്കുന്നുണ്ടാകും? അതിന്റെ ആവശ്യമെന്ത് അവര്‍ക്ക്?
ഞങ്ങള്‍ സൂക്ഷിക്കാഞ്ഞിട്ടല്ല സര്‍ക്കാരെ ഇപ്പോള്‍ കോവിഡ് രോഗികള്‍ ഏറുന്നത്.. കുറെയധികം നിങ്ങള്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ്. കണ്ണടച്ചിട്ടാണ്… അലക്ഷ്യജീവിതം നയിക്കുന്നവര്‍ വാഹകരായി അല്ലാത്തവരിലേക്ക് എത്തിക്കുകയാണീ രോഗം. ആരാണ് ഞങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്?
സ്‌കൂളിലും കോളേജിലും വരുന്ന കുട്ടികള്‍ ക്യാമ്പസ് വിട്ടിറങ്ങിയാല്‍ ഉത്തരവാദിത്തോടെ സ്വയം സൂക്ഷിക്കുന്നുണ്ടെന്നു നിങ്ങള്‍ക്കുറപ്പുണ്ടോ? സിനിമ കോട്ടകള്‍ക്ക് മുന്പിലെ കൊറോണ മൊത്ത വ്യാപാരം നിങ്ങള്‍ കാണുന്നില്ലേ? സമരങ്ങളും ധര്‍ണകളും സല്‍ക്കാരങ്ങളും ആഘോഷങ്ങളും കാണുന്നില്ലേ?
കോവിഡ് ഒരു ജലദോഷപ്പനി മാത്രമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണോ ഇപ്പോഴത്തെ തീരുമാനങ്ങള്‍? ഇതിനാണോ മികച്ച ആരോഗ്യമേഖലക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ ഞങ്ങള്‍ കൈയടിച്ചത്? ഞങ്ങള്‍ സൂക്ഷിച്ചാല്‍ മാത്രം വരാതിരിക്കുന്ന ഒന്നാണോ ഈ വിപത്ത്? ഉത്തരം പറയാനുള്ള ബാധ്യത നിങ്ങള്‍ക്കില്ലേ?
(ഒരൊറ്റ രാഷ്ട്രീയക്കാര്‍ ഈ പരിസരത്തു വന്നു അലമ്പുണ്ടാക്കരുത്. ഇതൊരു രാഷ്ട്രീയ പോസ്റ്റ് അല്ല. ആശങ്ക പോസ്റ്റ് മാത്രമാണ്??)”
Discussion about this post