മുംബൈ: ട്വിറ്ററിനെ പിടിച്ചുകുലുക്കി മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും അറസ്റ്റിലായ മുൻ ബാർക് സിഇഒ പാർഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ടിആർപി തട്ടിപ്പിൽ മുൻകൈയ്യെടുത്തെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടേതെന്ന പേരിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള പ്രമുഖർ 500 ലേറെ പേജുള്ള വാട്‌സ് ആപ്പ് ചാറ്റ് പങ്കുവച്ചിരിക്കുകയാണ്.
ടിആർപി റേറ്റിങ് കേസിൽ അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് ശേഖരിച്ച തെളിവാണ് ഇപ്പോൾ പുറത്ത് വന്നതെന്നാണ് സൂചന. എന്നാൽ, മുംബൈ പോലീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ, അറസ്റ്റിലായ പാർഥോ ദാസ് ഗുപ്തയ്ക്ക് അർണാബ് വൻ തോതിൽ പണം നൽകിയെന്ന് തെളിവുകൾ സഹിതം പോലീസ് കുറ്റപത്രവും സമർപ്പിച്ചിരുന്നു.
റേറ്റിംഗ് ഏജൻസിയായ ബാർക്കിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനായി കഴിഞ്ഞ വർഷം ട്രായ് കൊണ്ടുവന്ന നിർദേശങ്ങൾ തിരിച്ചടിയാകുമെന്ന് തോന്നിയതോടെ സഹായമഭ്യർത്ഥിച്ച് അർണബിനെ പാർഥോ സമീപിച്ചെന്ന് തെളിയിക്കുന്ന ഭാഗങ്ങളാണ് ചാറ്റിനെ വിവാദത്തിലാക്കുന്നത്.
ബാർക് അർണാബിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് പാർഥോ ദാസ് ഗുപ്ത പറയുന്നു. ട്രായുടെ ഇടപെടൽ തടയാൻ പ്രധാനമന്ത്രിയുടെ സഹായം തിരിച്ച് അർണാബും ഉറപ്പ് നൽകുന്നു. രാഷ്ട്രീയമായി തീരുമാനമുണ്ടാക്കാവുന്ന തിരിച്ചടി എ എസ് എന്നൊരാളെ ബോധ്യപ്പെടുത്തണമെന്ന് പാർഥോ ദാസ് പറയുന്നുണ്ട്.
ഇത് അമിത് ഷായെ ഉദ്ദേശിച്ചാണെന്ന് ട്വിറ്ററാറ്റികൾ ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ നാവായി പ്രവർത്തിച്ച അർണബും അർണാബിനായി സഹായങ്ങൾ നൽകി ബാർകും ഗൂഢാലോചന നടത്തിയെന്നാണ് സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം ഒഴിവാക്കുന്ന കാര്യം അർണാബിന് നേരത്തെ ചോർന്ന് കിട്ടിയിരുന്നെന്നും ചാറ്റുകളിലുണ്ട്. മുംബൈ പോലീസിന്റെ അന്വേഷണത്തിനെതിരായ അർണാബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജി ഇനി പരിഗണിക്കുന്ന 29 വരെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസും കോടതിയെ അറിയിച്ചു. പിന്നാലെയാണ് ചാറ്റുകൾ പുറത്ത് വന്നത്.
Discussion about this post