ഭോപ്പാല്‍: രാജ്യത്ത് കോവിഡ് വാക്സിന്റെ രണ്ടാംഘട്ട ട്രയല്‍ റണ്ണും വിജയകരമായി പൂര്‍ത്തിയായിരിക്കുമ്പോള്‍ നിരാശാജനകമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്സിന് കുത്തിവയ്പ്പ് എടുത്തത്. ഒമ്പത് ദിവസത്തിന് ശേഷം 21നായിരുന്നു മരണം.
ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പീപ്പള്‍സ് മെഡിക്കല്‍ കോളജില്‍ വച്ച് മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണത്തിന്റെ കാരണമെന്ത് എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വാക്സിന് സ്വീകരിച്ചതല്ല മരണകാരണമെന്ന് പീപ്പ്ള്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോക്ടര്‍ അനില്‍ ദീക്ഷിത് വ്യക്തമാക്കി. എന്നാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പിതാവിന്റെ മരണമെന്ന് ദീപകിന്റെ മകന് ആകാശ് പറയുന്നു. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ ഇര കൂടിയാണ് ദീപക്.
Discussion about this post