തിരുവനന്തപുരം: സ്ത്രീ വിരുധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സരിത എസ് നായര്‍ രംഗത്ത്. ഇത്തരത്തില്‍ സമാനമായ പരാമര്‍ശങ്ങള്‍ മുല്ലപ്പള്ളി നിരന്തരമായി നടത്തുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സരിത ആവശ്യപ്പെട്ടു.
ഒരു പ്രശസ്ത മാധ്യമത്തോടായിരുന്നു സരിതയുടെ പ്രതികരണം. സ്ത്രീ വിരുധ പരാമര്‍ശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു നടപടിയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്ത്രീകളെ ഏറ്റവും കൂടുതല്‍ അപമാനിച്ച സംഘടനയാണ് കോണ്‍ഗ്രസ് എന്നും സരിത വ്യക്തമാക്കി.
‘ഇതിനെല്ലാം ഉത്തരം പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടി ആയതുകൊണ്ട് അവിടെ നിന്നും ഒരു നടപടിയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം ഏറ്റവും കൂടുതല്‍ സ്ത്രീകളെ അപമാനിച്ച സംഘടനയാണ് കോണ്‍ഗ്രസ്. അതിനാല്‍ എനിക്കിതൊരു പുതുമയായി തോന്നുന്നില്ല’, സരിത പറയുന്നു.
‘അദ്ദേഹം പറയുന്നു, പീഡനത്തിനെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോവുന്ന സ്ത്രീ രണ്ടാമതൊരു സാഹചര്യം അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്. അതെന്നെയല്ല പഠിപ്പിക്കേണ്ടത്. പണവും അധികാരവും കൈയ്യില്‍ വരുമ്പോള്‍ അവരുടെ മുമ്പില്‍ വരുന്ന സ്ത്രീകളെ ആട്ടിന്‍ തോലിട്ട ചെന്നായയായി കടിച്ചു കീറാന്‍ നില്‍ക്കുന്ന അവരവരുടെ പാര്‍ട്ടിയിലെ നേതാക്കളെയാണ്. അല്ലാതെ സ്ത്രീകളെ അപമാനിക്കുകയല്ല വേണ്ടത്.
അപമാനം തോന്നേണ്ടത് സ്വന്തം നേതാക്കന്‍മാര്‍ക്കാണ്. അവരുടെ മുഖത്താണ് കാര്‍ക്കിച്ചു തുപ്പേണ്ടത്. അതിനുള്ള ധൈര്യം മുല്ലപ്പള്ളിക്കില്ല എന്നു തന്നെ വേണം കരുതാന്‍. ഒപ്പം മുല്ലപ്പള്ളിക്കെതിരെ കേസ് കൊടുക്കുമെന്നും സരിത എസ് നായര്‍ പറഞ്ഞു.
Discussion about this post