ചണ്ഡീഗഢ്: പഞ്ചാബില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം. മരിച്ചുവെന്ന് വരുത്തി തീര്‍ത്ത് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാനായി തയ്യാറാക്കിയ പദ്ധതിയില്‍ വെന്തുമരിച്ചത് വീട്ടുജോലിക്കാരന്‍. നവംബര്‍ 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പോലീസ് അന്വേഷണത്തില്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത ആകാശ്, അനന്തരവനായ രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബോളിവുഡ് സിനിമയില്‍ നിന്നാണ് ഇത്തരത്തില്‍ കൊലപാതകം നടത്താനുള്ള ആശയം ലഭിച്ചതെന്ന് ആകാശും രവിയും പോലീസിനോട് സമ്മതിച്ചു.
സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ…
ആകാശിന്റെ മകളുടെ പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. മകളെ വിദേശത്തയച്ച് വിദ്യാഭ്യാസം നല്‍കണമെന്ന് ആകാശ് അതിയായി ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസ ചെലവിനായി 50 ലക്ഷം രൂപ ആവശ്യമായിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ ഇതു സാധ്യമാണെന്ന് മനസിലാക്കിയ ആകാശ് അതിന് കണ്ടെത്തിയ മാര്‍ഗം താന്‍ മരിച്ചതായി ഇന്‍ഷുറന്‍സ് കമ്പനിയെ ധരിപ്പിക്കുകയായിരുന്നു.
വീട്ടിലെ ജോലിക്കാരനായിരുന്ന രാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ആകാശും രവിയും രാജുവിന് ആദ്യം മദ്യം നല്‍കി. മദ്യലഹരിയിലായ രാജുവിനെ കാറിലിരുത്തി തീ കൊളുത്തുകയായിരുന്നു. മരിച്ചത് ആകാശാണെന്ന് ഭാര്യയും മകളും പോലീസിന് മൊഴി നല്‍കി. ഇന്‍ഷുറന്‍സ് തുകയ്ക്കായി അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ തുക ലഭിക്കാനുള്ള രവിയുടെ തിരക്കും വെപ്രാളവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് രവിയെ അറസ്റ്റു ചെയ്തു. രാജുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ കുറിച്ചുള്ള വിവരം രവി പോലീസിനോട് പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേ ആകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post