ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല, ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ജനം ടിവിയുമായി ബിജെപിക്ക് ബന്ധമില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ചാനലിന്റെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് യാതൊരു ബന്ധമില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് സുരേന്ദ്രന്‍.

ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ബന്ധമില്ല എന്നാണ് പറഞ്ഞതെന്നും എന്നാല്‍ ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ജനം ടിവി മുന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് 5 മണിക്കൂറാണ് ചോദ്യം ചെയ്തത്.

അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ അപാകതയില്ല. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത് എന്നതിനുളള തെളിവാണതെന്നും വിശദമായി തന്നെ കസ്റ്റംസ് അന്വേഷണം നടത്തുന്നതിനെ പോസിറ്റീവായിട്ടാണ് കാണുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ബി.ജെ.പി.യെ കോണ്‍സുലേറ്റ് പിന്തുണയ്ക്കണമെന്ന് ജനം ടി.വി. കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ ആവശ്യപ്പെട്ടതായി സ്വപ്ന മൊഴിനല്‍കി. അനില്‍ നമ്പ്യാര്‍ സ്വപ്നാ സുരേഷിനെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും സ്വപ്ന പറഞ്ഞു. ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപങ്ങള്‍ക്കായി അനില്‍ നന്വ്യാര്‍ സ്വപ്നയുടെ സഹായം തേടിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

കസ്റ്റംസിനു നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്ത് വഴിയാണ് അനില്‍ നമ്പ്യാരെ പരിചയപ്പെട്ടതെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. വഞ്ചനക്കുറ്റത്തിന് ദുബായില്‍ അനില്‍ നമ്പ്യാരുടെപേരില്‍ കേസുണ്ടായിരുന്നു.

ഇതില്‍ അറസ്റ്റ് ഭയന്ന് അനില്‍ ദുബായിലേക്കു പോയിരുന്നില്ല. അവിടെ ജയിലില്‍ കഴിഞ്ഞിരുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം തയ്യാറാക്കാനെന്ന പേരിലാണ് രണ്ടുവര്‍ഷംമുമ്പ് സരിത്ത് വഴി തന്നെ അനില്‍ സമീപിച്ചതെന്ന് സ്വപ്ന പറയുന്നു.

തുടര്‍ന്ന് കോണ്‍സുല്‍ ജനറലിന്റെ സ്വാധീനം ഉപയോഗിച്ച് അനില്‍ നമ്പ്യാരുടെ കേസ് ഒത്തുതീര്‍പ്പാക്കി. ഇതിനുശേഷമാണ് അനിലും സ്വപ്നയും സുഹൃത്തുക്കളായത്.2018-ല്‍ അനില്‍ ക്ഷണിച്ചതുപ്രകാരം താജ്ഹോട്ടലില്‍ അത്താഴവിരുന്നിന് കണ്ടുമുട്ടിയെന്നും സ്വപ്ന പറഞ്ഞു.

ഇവിടെവെച്ചാണ് അനില്‍, യു.എ.ഇ.യുടെ ഇന്ത്യയിലെ നിക്ഷേപങ്ങളെക്കുറിച്ച് ആരാഞ്ഞതും ബി.ജെ.പി.യെ കോണ്‍സുലേറ്റ് പിന്തുണയ്ക്കണമെന്ന് പറഞ്ഞതും. ഇതിനുശേഷം അനിലിന്റെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്യാന്‍ കോണ്‍സുല്‍ ജനറലിനെ കൊണ്ടുവരാന്‍ അനില്‍ സ്വപ്നയുടെ സഹായംതേടിയിരുന്നു.

കട ഉദ്ഘാടനത്തിന് ഇരുവരും തമ്മില്‍ വീണ്ടും കാണുകയും ചെയ്തു. ഇതിനുശേഷം സുഹൃദ്ബന്ധം പുതുക്കാന്‍ അനില്‍ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. നയതന്ത്ര ബാഗേജ് പിടിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ കോണ്‍സുല്‍ ജനറല്‍ ദുബായില്‍നിന്ന് സ്വപ്നയെ വിളിച്ച് വാര്‍ത്തകള്‍ വരുന്നതു തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പക്ഷേ തനിക്ക് ഒന്നും ചെയ്യാനായില്ല. അതിനിടെ ജൂലായ് അഞ്ചിന് ഉച്ചയോടെ ഒളിവില്‍പ്പോകാന്‍ അഭിഭാഷകനായ കേസരി തനിക്ക് നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെയാണ് അനില്‍ നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെടുന്നത്. സ്വര്‍ണം പിടിച്ചെന്ന വാര്‍ത്ത കണ്ടിട്ടാണ് വിളിക്കുന്നതെന്ന് അനില്‍ പറഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി.

പിടിച്ചുവെച്ചിരിക്കുന്നത് നയതന്ത്ര ബാഗേജ് അല്ലെന്നും സ്വകാര്യവ്യക്തിയുടെ ബാഗേജ് ആണെന്നും വ്യക്തമാക്കി കോണ്‍സുല്‍ ജനറലിന്റെ പത്രക്കുറിപ്പ് ഇറക്കാന്‍ അനില്‍ ഉപദേശം നല്‍കിയതായി സ്വപ്ന വെളിപ്പെടുത്തി. ഇത് കോണ്‍സുല്‍ ജനറലിനോടു പറഞ്ഞപ്പോള്‍ അനിലിനോടുതന്നെ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു.

ഇത് താന്‍ അറിയിച്ചപ്പോള്‍ അനില്‍ സമ്മതിക്കുകയുംചെയ്തു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് ഇക്കാര്യം താന്‍ വിട്ടുപോയെന്നും സ്വപ്ന മൊഴിയില്‍ പറഞ്ഞു. സ്വപ്നയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനം ടിവിയില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണെന്ന് അനില്‍ നമ്പ്യാര്‍ അറിയിച്ചിരുന്നു.

Exit mobile version