തിരുവനന്തപുരം: തിരുവനന്തപുരം; വിമാനത്താവള സ്വകാര്യവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിമര്‍ശനവുമായി മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ ബഹുമാന്യനായ പത്രാധിപര്‍ വീരവാദം പറഞ്ഞത് കഷ്ടിച്ച് ഒരു മാസം മുമ്പാണ്. അദ്ദേഹം നയിക്കുന്ന ചാനല്‍ ഇന്നലെ പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്തത് എന്തായിരുന്നുവെന്ന് രാജേഷ് ഫേസ്ബുക്കില്‍ ചോദിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ ബഹുമാന്യനായ പത്രാധിപര്‍ വീരവാദം പറഞ്ഞത് കഷ്ടിച്ച് ഒരു മാസം മുമ്പാണ്. അദ്ദേഹം നയിക്കുന്ന ചാനല്‍ ഇന്ന് പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്തത് എന്തായിരുന്നു? സര്‍വ്വകക്ഷികളും ഒരുമിച്ച് നിന്ന് ഉന്നയിച്ച കേരളത്തിന്റെ ആവശ്യമായിരുന്നോ? തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കരുത് എന്ന ഇന്നലെ വരെ കേരള ബി.ജെ.പി.പോലും പങ്കുവെച്ച ആവശ്യമായിരുന്നോ?
1.170 കോടി രൂപ വാര്‍ഷിക ലാഭമുള്ള വിമാനത്താവളം, ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാവും മുമ്പേ തിരക്കിട്ട് കോവിഡ് കാലത്ത് അദാനിക്ക് കൊടുക്കുന്നത് എന്തിന് ?
2. സബ് ജുഡീസ് ആയതിനാല്‍ തീരുമാനമെടുത്തിട്ടില്ല എന്ന് മാര്‍ച്ച് 11ന് പാര്‍ലിമെന്റില്‍ പറഞ്ഞ സര്‍ക്കാരിനോട് ഇപ്പോഴും സബ് ജുഡീസല്ലേ?
3. ഡല്‍ഹി വിമാനത്താവളം 60 വര്‍ഷത്തെ പാട്ടത്തിന് കൊടുത്ത ഇടപാടില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് 1.63 ലക്ഷം കോടി നഷ്ടവും പാട്ടത്തിനെടുത്ത സ്വകാര്യ കമ്പനിക്ക് അത്ര തന്നെ ലാഭവും ഉണ്ടായി എന്ന സി.ഏ.ജി. കണ്ടെത്തിയത് ഇവിടെ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുണ്ടോ?
4. സ്വകാര്യവല്‍ക്കരിച്ച ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് കമ്പനി പിരിച്ചെടുത്ത 1481 കോടി തിരിച്ചു കൊടുക്കണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ച്?
5. അത് തിരിച്ചു കൊടുക്കാതിരിക്കാന്‍ നിയമം കൊണ്ടുവന്ന് യൂസര്‍ ഫീപിരിവ് നിയമവിധേയമാക്കി സ്വകാര്യ കമ്പനിയുടെ കൊള്ളയെ സഹായിച്ചതിനെ പറ്റി?
6. ,യോഗി ആദിത്യനാഥ് അംഗവും സീതാറാം യെച്ചൂരി ചെയര്‍മാനുമായിരുന്ന പാര്‍ലിമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തിനെതിരെ ഏകകണ്ഠമായി അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിരുദ്ധമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിലെ വഞ്ചനയെക്കുറിച്ച്?
7.ആര്‍.എസ്.എസ്. തൊഴിലാളി സംഘടനയായ ബി.എം.എസ് പോലും എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണത്തെ നിരന്തരം എതിര്‍ക്കുകയും ഏറ്റവുമൊടുവില്‍ ഈ ജൂണ്‍ 10 ന്റെ ദേശവ്യാപക പണിമുടക്കില്‍ പങ്കെടുക്കുകയും ചെയ്തതിനെക്കുറിച്ച്.? ബി.എം.എസി നു പോലും അംഗീകരിക്കാനാവാത്ത കച്ചവടം കേരളത്തിലെ ജനം അംഗീകരിക്കണമെന്ന ധാര്‍ഷ്ട്യത്തിനെതിരെ ?
അയ്യോ മോദിയോടും അദാനിയോടും ചോദ്യമോ? അവരോട് ചോദിക്കാനൊന്നും ഞങ്ങള്‍ക്ക് പാങ്ങില്ല. അതൊക്കെ ‘ ലൈഫി ‘ന്റെ പ്രശ്‌നമാണ് ചങ്ങാതി. ഡല്‍ഹി കലാപവാര്‍ത്തയോടെ അതെല്ലാം നിര്‍ത്തി. സത്യമായും നിര്‍ത്തി. അധികാരത്തില്‍ ഇരിക്കുന്നവരോട് എന്നല്ലേ പറഞ്ഞിട്ടുള്ളൂ.കേന്ദ്രത്തില്‍ എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ആ വല്യ പുളളികളോടൊന്നും ചോദിക്കാന്‍ കഴിയാത്ത ഭീരുത്വത്തിന്റെ ക്ഷീണം ഞങ്ങള്‍ ഇവിടെ തീര്‍ക്കുന്നുണ്ട്. കഴിയാവുന്നത്ര ഉച്ചത്തില്‍ ഇടതുപക്ഷത്തിനു നേരെ അലറുന്നുണ്ട്.അട്ടഹസിക്കുന്നുണ്ട്. ധാര്‍മ്മിക രോഷം അഭിനയിച്ച് ഉറഞ്ഞു തുള്ളുന്നുണ്ട്. അതാവുമ്പോള്‍ നമ്മുടെ ‘ലൈഫിന് ‘ പരിക്കുമില്ല അദാനിക്കും മോദിക്കുമൊക്കെ സന്തോഷവുമാകും. കന്നഡയില്‍ വിളിച്ച ജയ് ശ്രീറാം കൂടി വിളിക്കണമെന്നാണ് യജമാനന്‍ പറയുന്നത്. കുറച്ചു കൂടി സമയം അതിനു വേണ്ടി വരും.അങ്ങിനെയൊരു ‘ സുവര്‍ണ്ണ’ കാലം കേരളത്തില്‍ എത്രയും പെട്ടെന്ന് സൃഷ്ടിക്കാന്‍ നേരത്തോട് നേരം നിരന്തരം പരിശ്രമിച്ചു വരികയാണ് പ്രഭോ. ഞങ്ങള്‍ ചുവന്ന ചന്ദ്രികയെ നോക്കി കഴിയാവുന്നത്ര കഴിയാവുന്നത്ര ശബ്ദത്തില്‍ അട്ടഹാസം തുടരാം. ആ കോലാഹാലത്തിനിടയില്‍ വിമാനത്താവളം മാത്രമല്ല തുറമുഖവും ഷിപ്പ് യാര്‍ഡും ബെ മലും റെയില്‍വേ സ്റ്റേഷനുകളും എല്ലാം കൂടി വിറ്റ് പൊതു സ്വത്ത് ആവിയാക്കിക്കോളണം. ഞങ്ങള്‍ അപ്പോള്‍ ‘ചിറകുവിരിക്കുമോ വിമാനത്താവളം?’ എന്ന ചോദ്യം ചോദിച്ചാല്‍ വിരോധമാവില്ലല്ലോ അല്ലേ?
വാല്‍ക്കഷണം: സ്വകാര്യവല്‍ക്കരിച്ച ഡല്‍ഹി വിമാനത്താവളം 112 കോടി ( 2018-19) നഷ്ടം. പക്ഷേ ലാഭത്തിലുള്ള തിരുവനന്തപുരത്തിന്റെ ചിറക് വിടരാന്‍ അദാനി തന്നെ വേണം!