ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം നല്കി. തിങ്കളാഴ്ച, കോടതി വീണ്ടും കേസ് പരിഗണിക്കും. പരാമര്‍ശം പുനഃപരിശോധിക്കാനാണ് പ്രശാന്ത് ഭൂഷണ് കോടതി സമയം നല്‍കിയത്. അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. നിലപാടില്‍ മാറ്റമില്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും അറിയിച്ചു.
അതേസമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലെ ജനാധിപത്യമില്ലായ്മയെയും ജുഡീഷ്യറിയിലെ അഴിമതിയെയും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രശാന്ത് ഭൂഷണ് ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുത് എന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആരെയും ശിക്ഷിക്കാന്‍ ആഗ്രഹമില്ല. കുറ്റം ചെയ്തവര്‍ അത് സമ്മതിക്കണം. സ്വന്തം തെറ്റ് തിരിച്ചറിയാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ലക്ഷ്മണ രേഖ തിരിച്ചറിയണം എന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു.
‘എനിക്കെതിരേ കോടതിയലക്ഷ്യ കുറ്റം ചുമത്തിയിരിക്കുന്നുവെന്നത് എന്നെ ദുഃഖിപ്പിക്കുന്നു. എന്നെ തെറ്റിദ്ധരിച്ചതിലാണ് എനിക്ക് വിഷമം എന്നും കോടതി ചുമത്തുന്ന എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കും എന്ന് പ്രശാന്ത് ഭൂഷണ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ഇത്തരം തുറന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്റെ ചുമതലയുടെ ഭാഗമായാണ് ഇതിനെയെല്ലാം ഞാന്‍ കാണുന്നത്. എന്നോട് മഹാമനസ്കത കാണിക്കാന്‍ കോടതിയോട് ഞാനാവശ്യപ്പെടില്ല എന്നും പ്രശാന്ത് ഭൂഷണ് കൂട്ടിച്ചേര്‍ത്തു.
‘സുപ്രീം കോടതിയെ ലോക്ഡൗണില്‍ നിശ്ചലമാക്കുകയും പൗരന്മാര്ക്ക് നീതിക്കായുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് മാസ്കും ഹെല്‍മറ്റും ധരിക്കാതെ നാഗ്പുരിലെ രാജ്ഭവനു മുന്നില്‍ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നു. ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നാളെ ചരിത്രകാരന്മാര് തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയുടെയും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് രേഖപ്പെടുത്തും.’ എന്നുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ആണ് കോടതിയലക്ഷ്യ നടപടിക്കാധാരമായത്.
Discussion about this post