ബംഗളൂരു: മൂന്ന് പേരുടെ മരണത്തിന് കാരണമായ ബംഗളൂരുവിലുണ്ടായ സംഘർഷത്തിനിടെ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടാകാതിരിക്കാൻ കരുതൽ കാണിച്ചത് മുസ്ലിം മതവിശ്വാസികൾ. ബംഗളൂരുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെയാണ് ഡിജെ ഹള്ളി പോലീസ് സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തിന് മനുഷ്യചങ്ങല തീർത്ത് മുസ്‌ലിം വിശ്വാസികൾ സംരക്ഷണമൊരുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
#WATCH Karnataka: A group of Muslim youth gathered and formed a human chain around a temple in DJ Halli police station limits of Bengaluru city late last night, to protect it from arsonists after violence erupted in the area. (Video source: DJ Halli local) pic.twitter.com/dKIhMjQh96
— ANI (@ANI) August 12, 2020
കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീൻ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കാർട്ടൂൺ മതവിദ്വേഷം പരത്തുന്നതാണെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ബംഗളൂരുവിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാർട്ടൂൺ പോസ്റ്റു ചെയ്ത നവീനെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. അതേസമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്നും താനല്ല വിവാദ പോസ്റ്റിട്ടതെന്നുമാണ് നവീന്റെ പ്രതികരണം. വിവാദ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളടക്കം പ്രചരിച്ചതും പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കി.
വിവാദപോസ്റ്റ് ഏറ്റുപിടിച്ച് എത്തിയ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീടിന് നേരെ കല്ലേറുമുണ്ടായി.
110ഓളം പേരെ സംഘർഷത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ എസ്ഡിപിഐ നേതാവും അറസ്റ്റിലായിട്ടുണ്ട്. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് കർണാടക മന്ത്രി സിടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post