ഭാഭിജി പപ്പടം കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി, ഇപ്പോള്‍ വൈറസ് ബാധിച്ച് ആശുപത്രിയില്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. ഇതുവരെ പ്രതിരോധ മരുന്നൊന്നും കണ്ടെത്താത്തതാണ് കോവിഡ് ഇത്രത്തോളം വ്യാപിക്കാന്‍ കാരണമായത്. പല രാജ്യങ്ങളും ഇപ്പോള്‍ വാക്‌സിനായി പരീക്ഷണശാലയിലാണ്.

അതിനിടെയാണ് ഭാഭിജി പപ്പടം കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന വാദവുമായി കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രംഗത്തെത്തിയത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ രോഗലക്ഷങ്ങള്‍ കണ്ടപ്പോഴാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

‘ഭാഭിജി കി പപ്പഡ്’ എന്ന ബ്രാന്‍ഡ് പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി നിര്‍മിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിലുല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രി ഇതിന്റെ വിഡിയോ പുറത്തിറക്കുകയും ചെയ്തു. മേഘ്വാളിന്റെ പ്രസ്താവന പിന്നീട് ഏറെ വിവാദമായി മാറിയിരുന്നു. .കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version