തിരുവനന്തപുരം: രണ്ടു ദിവസമായി കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മിക്കയിടത്തും മറ്റൊരു പ്രളയമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് തയാറാക്കി വെയ്ക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയാറെടുക്കണം.
പ്രളയത്തേയും മറ്റ് അപകടങ്ങളേയും നേരിടാൻ എമർജൻസി കിറ്റൊരുക്കാം. ടോർച്ച്, റേഡിയോ, അര ലിറ്റർ വെള്ളം, ഒആർഎസ് പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്നുകൾ, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്റ്റിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈത്തപ്പഴം, ചെറിയ കത്തി, 10 ക്ലോറിന് ടാബ്‌ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി, കോൾ പ്ലാനും ചാർജ് ചെയ്ത സാധാരണ മൊബൈൽ ഫോണും ബാറ്ററിയും തുടങ്ങിയവയാണ് കിറ്റിൽ വേണ്ടത്. അത്യാവശ്യം കുറച്ച് പണം, എടിഎം കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന രീതിയിൽ വീട്ടിൽ ഉയർന്ന സ്ഥലത്ത് സൂക്ഷിക്കുക.
എമർജൻസി കിറ്റ് തയാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ മറ്റാരുടേയും സഹായത്തിനായി കാത്തുനിൽക്കാതെ എമർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാൻ കഴിയുന്ന തരത്തിലേക്ക് വീട്ടിലെ എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
Discussion about this post