കൊച്ചി: കേരളത്തില്‍ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിര്‍ത്തി കടക്കുകയാണ്. ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുരളി തുമ്മാരുക്കുടി. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈന്‍മെന്റ് വരുമെന്നും, നമുക്ക് ആരില്‍ നിന്നും രോഗം കിട്ടുമെന്നും ഇപ്പോള്‍ നമുക്ക് ബോധ്യമുള്ളതിനാല്‍ നമുക്ക് സ്വന്തമായി ഒരു സെല്‍ഫ് ലോക്ക് ഡൌണ്‍ പോളിസി എടുക്കാവുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വരും ദിവസങ്ങളില്‍ നിങ്ങള്‍ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതല്‍ സുരക്ഷിതരാണ്. അതായത് നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കില്‍ അത് ചെയ്യുക. നിങ്ങള്‍ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കില്‍ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക.
വീട്ടിലേക്കുള്ള അതിഥികളുടെയും സന്ദര്‍ശകരുടെയും കച്ചവടക്കാരുടെയും ജോലിക്കാരുടെയും വരവ് പരമാവധി കുറക്കുക. പുറത്തിറങ്ങുന്നത് ലോക്ക് ഡൗണില്‍ എന്നപോലെ അത്യാവശ്യത്തിന് മാത്രമാക്കുക. കൈകഴുകല്‍, മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ ശീലങ്ങള്‍ തുടരുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്‌ക്ക് കൂടുതലാണ് എന്ന അടിസ്ഥാന തത്വം ഇപ്പോഴും ഓര്‍മ്മിക്കുക. എന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
കൊറോണക്കാലം: ഇനി വരുന്ന 28 ദിവസങ്ങള്‍.
കൊറോണക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ അടുത്ത പതിനാലു ദിവസം അല്ലെങ്കില്‍ മൂന്നു മാസം നിര്‍ണ്ണായകമാണ് എന്ന് പലപ്പോഴും നമ്മള്‍ കേട്ടു. ഇന്നിപ്പോള്‍ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാന്‍ ഒരഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങള്‍.
ഇന്നിപ്പോള്‍ കേരളത്തില്‍ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിര്‍ത്തി കടക്കുകയാണ്.
ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകും. മരണസംഖ്യയും കൂടുകയാണ്. ഇന്ന് തന്നെ നാലുപേര്‍ മരിച്ചു, ഇനി അത് ഇരട്ടിയാകും, ദിവസേന പത്തും ഇരുപതും അതിലപ്പുറവും ആകും. കൊറോണ നമ്മുടെ അടുത്തെത്തും, നമ്മള്‍ അറിയുന്നവര്‍ക്ക് രോഗം ബാധിക്കും, നാം അറിയുന്ന ആരെങ്കിലും മരിക്കാനും മതി.
91 പേര്‍ക്ക് കൊറോണ വന്ന ദിവസമാണ് കേരളം സന്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ദിവസം ആയിരം കടന്നിട്ടും നമ്മള്‍ ലോക്ക് ഡൗണില്‍ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവരാരും ഇപ്പോള്‍ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല എന്നതില്‍ നമുക്ക് അത്ഭുതം തോന്നേണ്ടതല്ലേ?
ഇതാണ് ‘പുഴുങ്ങുന്ന മാക്രി’ (boiling frog syndrome) എന്ന് പറയുന്ന അവസ്ഥ. ഒരു തവളയെ ചൂട് വെള്ളത്തില്‍ എടുത്തിട്ടാല്‍ അതവിടെ നിന്നും ഉടന്‍ ചാടി രക്ഷപെടും. അതേ തവളയെ പച്ച വെള്ളത്തിലിട്ടിട്ട് അതിനടിയില്‍ പതുക്കെ ചൂടാക്കിതുടങ്ങിയാല്‍ തവള അവിടെത്തന്നെയിരിക്കും. കാരണം പതുക്കെപ്പതുക്കെ ചൂട് കൂടിവരുന്നത് അത് ശ്രദ്ധിക്കില്ല. അവസാനം വെള്ളം തിളക്കുന്നതോടെ തവള സ്വയം പുഴുങ്ങി മരിക്കുകയും ചെയ്യും.
കേരളത്തില്‍ ആയിരം എത്തിയത് വെള്ളം പതുക്കെ ചൂടാകുന്നതു പോലെയാണ്. പത്തായി, നൂറായി, അഞ്ഞൂറായി, ആയിരമായി അങ്ങനെ. ഓരോ ദിവസത്തെ നന്പര്‍ കാണുന്‌പോഴും നാം ചുറ്റും നോക്കുന്നു, നാം സുരക്ഷിതമാണെന്ന് കാണുന്നതോടെ എന്നാല്‍ പിന്നെ അടുത്ത ദിവസം വൈകീട്ട് നോക്കാം എന്ന് പറഞ്ഞ് മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നു.
ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ കേരളത്തിനേക്കാള്‍ മുന്‍പ് പ്രതിദിനം ആയിരം കേസുകള്‍ കടന്ന പ്രദേശങ്ങള്‍ അനവധിയുണ്ട്. ഇറ്റലിയില്‍ മാര്‍ച്ച് ഏഴിന് ആയിരം കടന്നു (14 ന് 3000 വും 21 ന് 6000 വും കടന്നു). ഡല്‍ഹിയിലും ചെന്നെയിലുമൊക്കെ ആയിരം കടന്ന് പല ആയിരങ്ങളിലേക്ക് പോയി.
അവിടങ്ങളില്‍ കേസുകളുടെ എണ്ണം ഇപ്പോള്‍ താഴേക്കാണ്.
അത് വെറുതെ സംഭവിച്ചതല്ല. ശക്തമായ നടപടികളില്‍ കൂടിയാണ് അത് സാധ്യമായത്. നമുക്കും അത് വേണ്ടി വരും. ഹോട്‌സ്‌പോട്ടും കണ്ടൈന്‍മെന്റും മാറി കര്‍ഫ്യൂവും ലോക്ക് ഡൗണും അടങ്ങിയ കര്‍ശന നടപടികള്‍ അധികം താമസിയാതെ കേരളത്തിലും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അത്തരം ശക്തമായ നടപടികള്‍ എന്താകുമെന്നോ എപ്പോള്‍ വരുമെന്നോ നമുക്ക് അറിയില്ല. ഈ നടപടികള്‍ ഒരാഴ്ചക്കകം ഉണ്ടാകുമെന്നും അതിന് ശേഷമുള്ള നാലാഴ്ചയില്‍ കൊറോണയിവിടെ കുന്നു കയറി ഇറങ്ങാന്‍ തുടങ്ങുമെന്നുമാണ് എന്നാണ് എന്റെ കണക്കുകൂട്ടല്‍.
നമ്മുടെ വ്യക്തി സുരക്ഷക്ക് സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ വരുന്നത് നോക്കിയിരിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ പറയുന്നതെല്ലാം നമ്മള്‍ തീര്‍ച്ചയായും അനുസരിക്കണം. അതിലും കൂടുതല്‍ സ്വയം ചെയ്യാന്‍ നമുക്ക് ആരുടേയും സമ്മതം വേണ്ടല്ലോ.
ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈന്‍മെന്റ് വരുമെന്നും, നമുക്ക് ആരില്‍ നിന്നും രോഗം കിട്ടുമെന്നും ഇപ്പോള്‍ നമുക്ക് ബോദ്ധ്യമുള്ളതിനാല്‍ നമുക്ക് സ്വന്തമായി ഒരു സെല്‍ഫ് ലോക്ക് ഡൌണ്‍ പോളിസി എടുക്കാവുന്നതേ ഉള്ളൂ.
വരും ദിവസങ്ങളില്‍ നിങ്ങള്‍ എത്ര കുറവ് ആളുകളുമായി കണ്ടുമുട്ടുന്നോ അത്രയും കൂടുതല്‍ സുരക്ഷിതരാണ്. അതായത് നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കില്‍ അത് ചെയ്യുക. നിങ്ങള്‍ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടെങ്കില്‍ അതിന് ഒന്നോ രണ്ടോ ആഴ്ച അവധി കൊടുക്കുകയൊ തുറന്നിരിക്കുന്ന സമയം കുറക്കുകയോ ചെയ്യുക. വീട്ടിലേക്കുള്ള അതിഥികളുടെയും സന്ദര്‍ശകരുടെയും കച്ചവടക്കാരുടെയും ജോലിക്കാരുടെയും വരവ് പരമാവധി കുറക്കുക. പുറത്തിറങ്ങുന്നത് ലോക്ക് ഡൌണില്‍ എന്നപോലെ അത്യാവശ്യത്തിന് മാത്രമാക്കുക. കൈകഴുകല്‍, മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ ശീലങ്ങള്‍ തുടരുക. എത്ര ആളുകളുമായി കാണുന്നുവോ അത്രയും റിസ്‌ക്ക് കൂടുതലാണ് എന്ന അടിസ്ഥാന തത്വം ഇപ്പോഴും ഓര്‍മ്മിക്കുക.
ഒന്നാമത്തെ ലോക്ക് ഡൌണ്‍ കാലത്ത് ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാവുമെന്ന് നമ്മള്‍ കരുതിയെങ്കിലും അതുണ്ടാകാത്തതിനാല്‍ കൂടുതല്‍ ധൈര്യത്തോടെ നമുക്ക് സെല്‍ഫ് ലോക്ക് ഡൗണിന് തയ്യാറാകാം. സാന്പത്തികമായി നിങ്ങള്‍ തയ്യാറാണെങ്കില്‍ പിന്നെ ഇക്കാര്യത്തില്‍ വൈകിക്കേണ്ട കാര്യമില്ല.
ഒപ്പം മാനസികമായ വെല്ലുവിളികളും വരാന്‍ പോവുകയാണ്. ആറു മാസമായി ഈ മാരണം നമ്മുടെ പുറകേ കൂടിയിട്ട്. നമ്മുടെ തൊഴിലിനെ, വരുമാനത്തെ, കുട്ടികളുടെ വിദ്യാഭ്യാസത്തെ, യാത്രകളെ, സാമൂഹിക ആവശ്യങ്ങളെ, പ്രേമത്തെ, കച്ചവടത്തെ എല്ലാം ഇത് പ്രതികൂലമായി ബാധിച്ചു. എങ്ങനെയും നമുക്ക് ഈ സാഹചര്യത്തെ നേരിട്ടേ പറ്റൂ. ദേഷ്യം വന്നതുകൊണ്ടോ നിരാശരായത് കൊണ്ടോ പ്രയോജനമില്ല. നമ്മുടെ ചുറ്റുമുള്ളവരോട് പെരുമാറുന്‌പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. നമ്മളും അവരും മാനസിക സംഘര്‍ഷത്തിലാണ്. എല്ലാവരുടെയും സംസാരം പൊതുവെ നെഗറ്റീവ് ആകുന്നതിനാല്‍ വേഗത്തില്‍ ദേഷ്യം വരാം. വീട്ടിലും, ഓഫീസിലും, സമൂഹത്തിലും ഒരുമ (cohesion) നിലനിര്‍ത്തുക പ്രധാനമാണ്. അതത്ര എളുപ്പമല്ലാത്തതിനാല്‍ ചുറ്റും നടക്കുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും അറിയുന്ന മൈന്‍ഡ് ഫുള്‍നസ്സ് പ്രാക്ടീസ് ചെയ്തു പഠിക്കുക.
നമ്മള്‍ കടന്നു പോകുന്നത് ചരിത്രപരമായി പ്രസിദ്ധമാകാന്‍ പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. കൊറോണക്കാലത്തെ നമ്മള്‍ അതിജീവിച്ചത് എങ്ങനെയെന്ന് ഒരിക്കല്‍ നമ്മുടെ കൊച്ചുമക്കളോട് പറയാനുള്ള അവസരമുണ്ടാകും. അത് കൊണ്ട് ഓരോ കഥയും ഓര്‍ക്കുക. പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാന്‍ പറ്റൂ. !
കേരളത്തിലെ ഒട്ടനവധി ആളുകള്‍ക്ക് ഞാന്‍ പറയുന്നത് പോലെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സാന്പത്തിക പരാധീനതകളുണ്ടെന്ന് എനിക്കറിയാം. ജീവനാണോ ജീവിതമാണോ പ്രധാനമെന്ന് ചിന്തിക്കേണ്ടി വരുന്നത് എളുപ്പമല്ല. ആദ്യം ജീവിതമാണെന്ന് തോന്നുമെങ്കിലും പിന്നീട് പ്രശ്‌നം വല്ലാതെ വഷളാകുന്‌പോള്‍ ജീവനാണ് പ്രധാനമെന്ന് മനസ്സിലാകും. അത് തിരിച്ചു കിട്ടി എന്ന് തോന്നുന്‌പോള്‍ ജീവിതമാണ് വലുത് എന്ന് തോന്നും. സര്‍ക്കാര്‍ ഇക്കാര്യം ചിന്തിച്ചാണ് തീരുമാനമെടുക്കുന്നത്. അത് അപ്പാടെ അനുസരിക്കുക.
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഇതൊരു മാരത്തോണ്‍ ആണ്, നമുക്ക് ക്ഷീണം ഉണ്ടാകുമെങ്കിലും വിശ്രമിക്കാനുള്ള സാഹചര്യമല്ല. ഓടി തീര്‍ത്തേ പറ്റൂ.
ഒന്നാമത്തെ ലോക്ക് ഡൌണ്‍ കാലത്ത് എങ്ങനെയാണ് ലോക്ക് ഡൗണിനെ നേരിടേണ്ടത് എന്ന് ഞാന്‍ പലതവണ എഴുതിയിരുന്നു. മൂന്നു മാസം ലോക്ക് ഡൗണില്‍ ഇരുന്ന നിങ്ങള്‍ക്ക് ഇനി അതിന്റെയൊന്നും ആവശ്യമില്ല, കാര്യങ്ങള്‍ പരിചിതമാണ്. അത് സര്‍ക്കാര്‍ പറഞ്ഞതിന് ശേഷം നമ്മള്‍ തുടങ്ങണോ, വ്യക്തിപരമായി തുടങ്ങണോ എന്നത് നിങ്ങളുടെ സാഹചര്യമനുസരിച്ച് ചിന്തിച്ച് തീരുമാനിക്കുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി