കാസര്‍കോട്: നമ്മളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് സമൂഹത്തെ ഒന്നുകൂടെ ഓര്‍മ്മപ്പെടുത്തുകയാണ് കോവിഡിനെ അതിജീവിച്ച കാസര്‍കോട് ബന്തിയോട് അട്ക്ക സ്വദേശി ഉമ്മര്‍ ഫറൂഖ്. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും ഈ ഇരുപത്തിയൊന്നുകാരന്‍ പറയുന്നു.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്ക് ഇളവ് വന്നതോടെ മംഗളൂരുവിലേക്ക് ദിനംപ്രതി ജോലിക്ക് പോയി വരികയായിരുന്നു ഉമ്മര്‍ ഫറൂഖ്. അതിനിടെയാണ് ചുമ, ശരീര വേദനയടക്കമുളള രോഗലക്ഷണങ്ങള്‍ ഉമ്മറില്‍ കണ്ടുതുടങ്ങിയത്. പിന്നെ ഒട്ടും മടിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ഫലം വരുന്നതുവരെ റൂം ക്വാറന്റീനില്‍ നില്‍ക്കുകയും ചെയ്തുവെന്ന് ഉമ്മര്‍ പറയുന്നു.
കോവിഡ് പോസിറ്റീവാണെന്ന് ജൂലൈ 4നാണ് പരിശോധനാ ഫലം വന്നത്. തുടര്‍ന്ന് ഉമ്മറിനെ ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. ”ഈ സന്ദര്‍ഭത്തില്‍ എന്നോട് ഇടപഴകിയ വീട്ടുകാരോടും കൂട്ടുകാരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ഞാന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഈ കരുതല്‍ തന്നെയാണ് രോഗം വീട്ടുകാരിലേക്കും കൂട്ടുകാരിലേക്കും പകരാതെ തടഞ്ഞതും.” എന്ന് ഉമ്മര്‍ വ്യക്തമാക്കി.
”നമ്മളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരാതെ തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എനിക്ക് രോഗം സ്ഥിരീകരിച്ചയുടനെ, ഞാനുമായി ഇടപഴകിയ മുഴുവന്‍ പേരുടെയും ഞാന്‍ പോയ മുഴുവന്‍ സ്ഥലങ്ങളുടെയും വിശദാംശങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. രോഗം സ്ഥിരീകരിച്ചാല്‍ നമ്മള്‍ എന്തിന് നമ്മുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കണം” 24 വയസ്സുകാരനായ ഉമ്മര്‍ ഫറൂഖ് ചോദിക്കുന്നു.
”ഭൂമിയിലെ മാലാഖമാര്‍ എന്ന് ഡോക്ടര്‍മാരെയും നേഴ്സുമാരെയും കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത് 100 ശതമാനം സത്യമാണെന്ന് തെളിയിച്ചതാണ് കോവിഡ് സ്ഥിരീകരിച്ച് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിനങ്ങള്‍. ചെറിയ ശാരീരിക അസ്വസ്ഥ പ്രകടിപ്പിക്കുമ്പോഴേക്കും ഡോക്ടര്‍മാരും നഴ്സുമാരും റൂമിലേക്ക് ഓടിയെത്തും. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാതിരിക്കാന്‍ അവര്‍ നല്‍കിയ പിന്തുണ വലുതാണ്.”ഉമ്മര്‍ കൂട്ടിച്ചേര്‍ത്തു.
ജൂലൈ 21 ന് കോവിഡ് രോഗവിമുക്തനായ ഉമ്മര്‍ ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിനങ്ങളിലെ ഉമ്മര്‍ ഫാറൂഖിന്റെ കൂട്ട് പുസ്തകങ്ങളായിരുന്നു. വായനയും കോവിഡ് കാലത്തെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിച്ചുവെന്ന് സിടി സ്‌കാന്‍ ടെക്നോളജിസ്റ്റ് ആയ ഉമ്മര്‍ ഫറൂഖ് പറഞ്ഞു.