കൊച്ചി; കേരളത്തിന്റെ മുത്തച്ഛന്‍ 119ാം വയസില്‍ വിടവാങ്ങി. പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ നാരായണസദനത്തില്‍ കേശവന്‍ നായരാണ് അന്തരിച്ചത്. കേരളത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ഇദ്ദേഹം. ബുധനാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്.
കേശവനാശാന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ട് മുഴുവന്‍ കണ്ട വ്യക്തി കൂടിയാണ് ഇദ്ദേഹം. ആധാര്‍ രേഖപ്രകാരം 1901 ജനുവരി ഒന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. കാഴ്ചക്കുറവും ഒരു ചെവിക്ക് സ്വല്പം കേള്‍വിക്കുറവും മാത്രമാണ് കേശവന്‍ നായര്‍ നേരിട്ടിരുന്ന പ്രശ്‌നം.
ഓര്‍മകള്‍ക്കും ധാരണകള്‍ക്കും വാര്‍ധക്യം ബാധിച്ചിട്ടുണ്ടായിരുന്നില്ല. 90-ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെ കാണാന്‍ പോയതും ചര്‍ക്കയില്‍ നൂലുനൂറ്റ് വിറ്റതുമെല്ലാം അദ്ദേഹത്തിന് ഇന്നും നല്ല ഓര്‍മയുണ്ടായിരുന്നു. 80 വയസ്സുകാരിയായ നാലാമത്തെ മകള്‍ ശാന്തമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കള്‍: പരേതനായ വാസുദേവന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ശാന്തമ്മ, ശാരദ. മരുമക്കള്‍: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി.