കൊല്ലം: കേരളത്തില്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ കോവിഡ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പുമായി വിദഗ്ധ സമിതി. പരിശോധന നടത്തുന്ന ഇടങ്ങളില്‍ എല്ലാം രോഗ ബാധിതരെ കണ്ടെത്തുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും വിദഗ്ധ സമിതി കൂട്ടിച്ചേര്‍ത്തു.
കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ പത്താം ദിവസം പരിശോധനകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണം എന്ന നിര്‍ദേശവും വിദഗ്ധ സമിതി സര്‍ക്കാരിന് കൈമാറി.
പരിശോധന നടത്തുന്നയിടങ്ങളില്‍ നിന്നെല്ലാം വലിയ തോതില്‍ കോവിഡ് ബാധിതരെ കണ്ടെത്തുന്ന സ്ഥിതിയാണ്. ക്ലസ്റ്ററുകള്‍ 80 ശതമാനവും സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ മേഖലകളിലാണ്. ഈ സാഹചര്യം നേരിടാന്‍ ചികിത്സകള്‍ക്കായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണം. നിലവില്‍ അധികം ആളുകളുടെ ആരോഗ്യനില വഷളാവുന്നില്ല. എന്നാല്‍ ഈ സാഹചര്യം മാറിയേക്കാമെന്നും അത് മുന്‍പില്‍ കണ്ട് തീവ്ര പരിചരണ വിഭാഗങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിനെ ആശങ്കയിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു കഴിഞ്ഞദിവസത്തെ കോവിഡ് രോഗികളുടെ കണക്ക്. 1038 പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.