കായംകുളം: തീപിടിച്ച വീട്ടില്‍ അകപ്പെട്ട സ്ത്രീയേയും രണ്ടുകുട്ടികളെയും രക്ഷിച്ച മലയാളിക്ക് ക്രൊയേഷ്യയില്‍ അഭിനന്ദന പ്രവാഹം. കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ തെക്ക് വിനോദ് ഭവനത്തില്‍ ബിജു രവീന്ദ്രനാണ് (41) ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രക്ഷകനായി എത്തിയത്.
ക്രൊയേഷ്യയിലെ ബജലോവാറില് കഴിഞ്ഞ 10നായിരുന്നു സംഭവം. ക്രൊയേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയില്‍ വെല്‍ഡറായ ബിജു രവീന്ദ്രന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ശബ്ദം കേട്ട് ഉണര്‍ന്നത്. റൂമിന്റെ ജനലിലൂടെ പുറത്ത് വലിയ വെളിച്ചം കണ്ടതോടെ റോഡിലേക്ക് ഇറങ്ങി നോക്കി.
അപ്പോഴാണ് ബിജു താന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ തീ പടരുന്നത് കണ്ടത്. തീപിടിച്ച വീട്ടില്‍ നിന്ന് ഹെലന റൂബിലും രണ്ടു മക്കളും കരയുന്ന ശബ്ദം കേട്ടയുടന്‍ സുഹൃത്തുക്കളെ വിളിച്ചുണര്‍ത്തി ബിജു രക്ഷാപ്രവര്‍ത്തനം നടത്തി.
അടുത്തുണ്ടായിരുന്ന ഡബിള്‍ ലാഡര്‍ ഉപയോഗിച്ച് ബിജു കെട്ടിടത്തിലേക്കു കയറിയെങ്കിലും കനത്ത ചൂടില്‍ ലാഡര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന വെന്റിലേറ്ററിന്റെ ചില്ല് പൊട്ടിച്ച ബിജു കുട്ടികളെ വാങ്ങി സുരക്ഷിതമായി താഴെയെത്തിച്ചു.
രണ്ടാമത്തെ കുട്ടിയെ താഴെ എത്തിച്ചപ്പോഴേക്കും തീ ആളിപ്പടര്‍ന്നു. സ്ത്രീയോടു വെന്റിലേറ്ററിലൂടെ കയ്യിട്ട് ലാഡര്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെയും ഭദ്രമായി താഴെ എത്തിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് അഗ്നി രക്ഷാസേന സ്ഥലത്തെത്തിയിരുന്നു.
അ്ഗ്നിരക്ഷ സേന തീയണച്ചു. വാഷിങ് മെഷീനില്‍ നിന്നു തീ പടര്‍ന്നതാണ് ഫ്ളാറ്റില്‍ തീപടരാന് കാരണം. സ്വന്തം ജീവന് പോലും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബിജു തയ്യാറായതാണ് അമ്മയുടെയും മക്കളുടെയും ജീവന് രക്ഷിക്കാന്‍ ഇടയാക്കിയത്.
പ്രാദേശിക സര്‍ക്കാരും സംഘടനകളും ബിജുവിനെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളില്‍ ബിജു വാര്‍ത്താ താരമായി. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ജോലി ചെയ്ത ബിജു 14 മാസം മുന്‍പാണ് ക്രൊയേഷ്യയിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2 മാസമായി ജോലിയില്ലാതെ ബിജലോവറിലെ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഭാര്യ സോജയും മകള്‍ ആദിത്യയും നാട്ടിലാണ്.
Discussion about this post