കൊച്ചി: ലോകത്താകമാനം പടര്‍ന്ന് പിടിച്ച് കോവിഡ് 19 വൈറസ് ലക്ഷക്കണക്കിനാളുകളുടെ ജീവനുകളാണ് ഇതിനോടകം കവര്‍ന്നെടുത്തത്. കോവിഡ് കാരണം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലെത്താന്‍ കഴിയാതെ പ്രവാസികളും ഗള്‍ഫ് നാടുകളില്‍ കുടുങ്ങി.
പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവരുടെ കഷ്ടപ്പാടുകളും വ്യക്തമാക്കുന്ന ഫോട്ടോകളും ഒരു കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ രാഹുല്‍ രവിയാണ് കുറിപ്പും ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കോവിഡ് വ്യാപിച്ചതോടെ പലര്‍ക്കും ജോലിയും കൂലിയും നഷ്ടപ്പെട്ടു, പട്ടിണിയിലായി. നാട്ടിലേക്ക് മടങ്ങാന്‍ കടമ്പകള്‍ ഏറെ കടക്കണമെന്നുള്ളതിനാല്‍ പലരും പ്രവാസലോകത്ത് കുടുങ്ങി. നിരവധി പ്രവാസി മലയാളികളാണ് കോവിഡ് ബാധിച്ച് ഗള്‍ഫ് നാടുകളില്‍ ഇതിനോടകം മരിച്ചു വീണത്.
പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകിയതും പ്രവാസികളുടെ വിഷയത്തില്‍ വലിയ ഇടപെടലുകളില്ലാത്തതും മരണസംഖ്യ ഉയരാന്‍ ഇടയായി. മിക്കവര്‍ക്കും ജനിച്ച നാട്ടിലെ ആറടി മണ്ണ് വരെ നിഷേധിക്കപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
ചാരൂ…. ഞാന്‍ പുറപ്പെടുകയാണ്. ഇവിടുത്തെ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു. എല്ലാത്തിനും വേണ്ടി ഓടിനടക്കാന്‍ ഒരു നല്ല മനുഷ്യനുണ്ടിവിടെ…… ‘അഷ്റഫ്ക്ക’…..
ആ നല്ല മനസ്സിന്റെ ഇടപെടല്‍ മൂലമാണ് ദുബായിലെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നത്. ഒരു ദിവസത്തില്‍ നാല് പേര്‍ക്കു മാത്രമേ ഇവിടെ അനുമതി നല്‍കാറുള്ളൂ. ഏറെ കാത്തിരിപ്പിനു ശേഷം ആ നാലാളില്‍ ഒരാളായി എനിക്ക് കേറിക്കൂടാന്‍ പറ്റി.
മോന്‍ എവിടെ ? കളിക്കുകയാണോ ? പുറത്തേക്കെന്നും വിടരുത്. നല്ലവണ്ണം ശ്രദ്ധിക്കണം. കുഞ്ഞു വാവയെ കാണാന്‍ നല്ല കൊതിയുണ്ടായിരുന്നു… പക്ഷേ, നടന്നില്ല. ലീവിന് വരാനിരിക്കുമ്പോഴല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്. നീ തളരരുത്. പിടിച്ചു നില്‍ക്കണം. മക്കളെ നല്ല പോലെ വളര്‍ത്തണം.. വളര്‍ന്നു വലുതാവുമ്പോള്‍ മക്കളോട് ഈ നാട്ടിലേക്കൊന്നു വരാന്‍ പറയണം. അച്ഛന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ഈ നാടിന്റെ ഗന്ധം അറിയാന്‍ ഒരിക്കലെങ്കിലും വരാന്‍ പറയണം. ഇവിടെ ഈ പൊരിവെയിലിന്റെ ചൂടില്‍ അച്ഛന്റെ വിയര്‍പ്പിന്റെ മണമുണ്ടാവുമെന്നു പറയണം. അച്ഛന്‍ കത്തിയമര്‍ന്ന് ഒരുപിടി ചാരമായി അവശേഷിച്ച ആ സ്ഥലം ഒന്ന് വന്നു കാണാന്‍ പറയണം.
അച്ഛനോടൊപ്പമുള്ള ഓര്‍മ്മകള്‍ നല്‍കുവാന്‍ ഇനി എന്റെ കയ്യില്‍ സമയമില്ല ചാരൂ…. നിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പറ്റാത്തതില്‍ എന്നോട് ദേഷ്യം തോന്നരുത്. വരും ജന്മത്തില്‍ ഒന്നിക്കാന്‍ പ്രാര്‍ത്ഥിക്കാം. അവസാനമായി ഒന്ന് കാണണം എന്ന് വല്യ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളെപ്പോലുള്ളവരുടെ നിലവിളി ആര് കേള്‍ക്കാന്‍. ആരെങ്കിലും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ എന്നെപ്പോലുള്ളവര്‍ ഇന്നും ജീവനോടെ അവശേഷിക്കുമായിരുന്നു. എല്ലാം വിധി. വിഷമിച്ചിട്ടെന്തു കാര്യം. മോനോടും അമ്മയോടും തല്‍ക്കാലം കാര്യങ്ങള്‍ ഒന്നും പറയണ്ട…. സാവകാശം പറഞ്ഞാല്‍ മതി… അവസാനമായി നെറുകിലൊരു മുത്തം നല്‍കുവാന്‍ ആയില്ലല്ലോ എന്നൊരു വിഷമം ഉള്ളിലുണ്ട്. ഞാന്‍ പോവ്വ്വാ..!
എന്റെ പേരു വിളിക്കുന്നുണ്ട്… സമയമായി, ഒടുവിലെ യാത്രയ്ക്ക്……
ഇതിനകത്ത് വല്ലാത്ത ചൂടാണ് ചാരൂ….
സഹിക്കാന്‍ പറ്റുന്നില്ല ചാരൂ….
സഹിക്കാന്‍ പറ്റുന്നില്ല……..
Discussion about this post