ഒരുകാലത്ത് ആഡംബരക്കാറുകള്‍ വരെ സ്വന്തം, പിന്നീട് വീടടക്കം എല്ലാം നഷ്ടമായി, അന്നുമുതല്‍ ടാക്‌സി ഡ്രൈവറായി സക്കീന, ഇന്ന് കേരളത്തിനകത്തും പുറത്തും കാറുമായെത്തും ഈ വനിത ടാക്‌സി ഡ്രൈവര്‍

കൊച്ചി: കേരളവും പിന്നിട്ട് ടാക്‌സി പറപ്പിക്കുന്ന ലേഡിഡ്രൈവറാണ് സക്കീന. കൊച്ചി നഗരത്തിന്റെ ‘ഠ’ വട്ടത്തില്‍ ടാക്‌സിയോടിക്കുന്ന ലേഡി ഡ്രൈവര്‍മാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സക്കീനയെ അവരുടെ കൂട്ടത്തില്‍ കൂട്ടേണ്ട. കേരളത്തിനുള്ളിലും പുറത്തും ടാക്‌സിയോടിച്ചിട്ടുണ്ട് ഇവര്‍. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ വനിതാ ടാക്‌സിഡ്രൈവര്‍ എന്നുവേണമെങ്കില്‍ ഇവരെ വിശേഷിപ്പിക്കാം.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സക്കീന. ഒരു വര്‍ഷത്തോളമായി കൊച്ചിയിലാണ് താമസം. ഡ്രൈവിങ് ഒരാവേശമായിരുന്നതിനാല്‍ ഒരുകാലത്ത് ആഡംബരക്കാറുകള്‍ വരെ ഇവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. വിവാഹശേഷമാണ് ഡ്രൈവിങ് പഠിച്ചത്. വയനാട്ടിലായിരുന്നു താമസം.

എന്നാല്‍ ഗള്‍ഫില്‍ നല്ലനിലയില്‍ ബിസിനസ് നടത്തിയ ഭര്‍ത്താവിന് പിന്നീട് സാമ്പത്തികബാധ്യതയുണ്ടായതോടെ എല്ലാം നഷ്ടമായി. വീടുവരെ ജപ്തിചെയ്യപ്പെട്ടു. പഴയ ജീവിതം തിരിച്ചുപിടിക്കാന്‍ ഭര്‍ത്താവ് വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറി. ഭര്‍ത്താവിനൊപ്പം കഷ്ടപ്പെടാന്‍ സക്കീനയും തീരുമാനിച്ചു.

സ്വന്തമായി കാറുണ്ടായിരുന്നപ്പോള്‍ ബന്ധുക്കള്‍ക്കുവേണ്ടി ഒട്ടേറെ ഡ്രൈവ് ചെയ്തിട്ടുണ്ട്. അതിനാല്‍ അറിയാവുന്ന തൊഴിലിലൂടെ തന്നാലായതും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് സക്കീനയും മനസ്സിലുറപ്പിച്ചു. രണ്ട് മക്കളും സക്കീനക്ക് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നു.

എട്ടുവര്‍ഷമായി ടാക്‌സി ഓടിക്കുന്നുണ്ടെന്ന് സക്കീന പറഞ്ഞു. ഒരുവര്‍ഷംമുമ്പ് കൊച്ചിയില്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ ഡ്രൈവറായി ചേര്‍ന്നു. കോവിഡിനെത്തുടര്‍ന്ന് ഹോട്ടല്‍ അടച്ചതോടെ ആ ജോലി നഷ്ടമായി. ഇപ്പോള്‍ ഒരു ട്രാവല്‍ ഏജന്‍സിയോടൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

കുടുംബമായുള്ള യാത്രക്കാര്‍ക്കായാണ് ദീര്‍ഘദൂര ഡ്രൈവിന് സക്കീന ടാക്‌സി ഇറക്കുന്നത്. വിദ്യാര്‍ഥിനിയായ ഇളയമകളോടൊപ്പമാണ് കൊച്ചിയില്‍ വാടകവീട്ടില്‍ താമസം. മൂത്തമകള്‍ വിവാഹിതയായി ബെംഗളൂരുവിലാണ്. 17 വര്‍ഷംനീണ്ട ഡ്രൈവിങ് പരിചയമാണ് തന്റെ കരുത്തെന്ന് സക്കീന പറയും.

Exit mobile version