വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. എന്നാല്‍ ഈ പ്രതിസന്ധിയെ ബഹുമതിയായി കാണുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
‘ഒരു പരിധിവരെ നല്ല കാര്യമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്, കാരണം ഞങ്ങളുടെ പരിശോധന സംവിധാനം വളരെ മികച്ചതാണെന്ന് ഇത് അര്‍ത്ഥമാക്കുന്നു,” എന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കര്യം പറഞ്ഞത്.
അമേരിക്കയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കുന്നുവെന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ളതിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്ന് ട്രംപ് പറയുന്നു.
അമേരിക്കയില്‍ രോഗ പരിശോധനാ സംവിധാനം വളരെ മികച്ചതായതിനാലാണ് ഇത്രയധികം കേസുകള്‍ ഉണ്ടായത്. അതിനാല്‍ ഇതൊരു ബഹുമതിയായി കാണുന്നുവെന്നും നിലവില്‍ ഈ മേഖലയില്‍ ജോലിയെടുത്തവര്‍ക്കുള്ള ആദരവ് കൂടിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
15 ലക്ഷം ആളുകള്‍ക്കാണ് നിലവിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 92,000 ആളുകള്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം തീവ്രമായിരിക്കുന്ന ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
Discussion about this post