മലപ്പുറം: ഒതുങ്ങലിലെ കോഴികള്‍ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലെ താരമാണ്. പച്ചക്കരുവുള്ള മുട്ടയിടുന്ന കോഴികളെ കേരളം ഒന്നടങ്കം അത്ഭുതത്തോടെയാണ് കണ്ടത്. തീറ്റകളുടെ പ്രത്യേകത കൊണ്ടാവാം പച്ചക്കരുവുള്ള മുട്ടകളെന്ന് കരുതി തീറ്റ മാറി നല്‍കിയിട്ടും കോഴിയിടുന്ന മുട്ടയുടെ കരു പച്ച തന്നെ.
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്പലവന്‍ കുളപ്പുരയ്ക്കല് ശിഹാബിന്റെ വീട്ടില്‍ വളര്‍ത്തുന്ന ഏഴുകോഴികളാണ്, പച്ചക്കരുവുള്ള മുട്ടയിടുന്നത്. ശിഹാബ് വിവിധ ഇനത്തിലുള്ള കോഴികളെ വര്‍ഷങ്ങളായി വീട്ടില്‍ വളര്‍ത്തുന്നുണ്ട്.
നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ എന്നിവയൊക്കെയാണ് ഷിഹാബിന്റെ വീട്ടിലുള്ളത്. ഏതാനും മാസങ്ങള്ക്കുമുന്പാണ് കോഴികള്‍ ഇടുന്ന മുട്ടയുടെ നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യമെല്ലാം കേടാണെന്ന് കരുതി വീട്ടുകാര്‍ കളയുകയായിരുന്നു.
എന്നാല്‍ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. സംഭവം പിന്നീട് വലിയ വാര്‍ത്തയായി മാറി. അങ്ങനെയാണ് വിഷയം വെറ്ററിനറി സര്‍വ്വകലാശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കോഴികള്‍ക്കു നല്കുന്ന തീറ്റയുടെ പ്രത്യേകത കൊണ്ട് നിറം മാറ്റം സംഭവിക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
പച്ചനിറം കൂടുതലുള്ള ഗ്രീന്‍പീസ് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടാല്‍ ഇങ്ങനെയുണ്ടാവാമെന്ന് അവര്‍ പറയുന്നു. ഇതിന് പിന്നാലെ തീറ്റ മാറ്റിക്കൊടുത്ത് പരീക്ഷിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ഒരാഴ്ചയായി കോഴികള്‍ക്കു സര്‍ക്കാര്‍ വക തീറ്റയാണ് നല്‍കുന്നത്.
എന്നിട്ടും കോഴി മുട്ടയിലെ കരുവിന്റെ നിറം പച്ചതന്നെയാണ്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തുമെന്നും പച്ചക്കരുവിന്റെ കാരണം എന്താണെന്ന് കണ്ടെത്തുമെന്നുമാണ് അവര്‍ പറയുന്നത്.
Discussion about this post