തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. ജില്ലയ്ക്കകത്ത് മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തുക.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്. അമ്പത് ശതമാനത്തോളം ജീവനക്കാരെ നിയോഗിച്ചാണ് സര്‍വ്വീസ്.
തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ എണ്ണം.
യാത്രക്കാരുടെ ആവശ്യവും ബാഹുല്യവും അനുസരിച്ച് മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന് പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുകയുള്ളു. അതേസമയം, യാത്രക്കാരുടെ ആവശ്യം പരിശോധിച്ച് സര്‍വ്വീസ് ക്രമീകരിക്കാനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്.
Discussion about this post